24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 26,506 കൊവിഡ് പോസിറ്റീവ് കേസുകള്‍
രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് രോഗം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ദിനംപ്രതി രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. രോഗികളില്‍ 2,76,685 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്ത്യയില്‍ 4,95,513 രോഗികളാണ് ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. നിലവില്‍ ചികിത്സയിലുള്ള രോഗികളേക്കാള്‍ അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 475 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 21,604 ആയി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളെയാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്ത് 2,30,599 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 9,667 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 1,27,259 സജീവ കേസുകളുമുണ്ട് നിലവില്‍ മഹാരാഷ്ട്രയില്‍.
Read more: ലോകത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവര്‍ 7.82 ലക്ഷം പേര്‍
ഒരു ലക്ഷത്തിലും അധികമാണ് തമിഴ്‌നാട്ടിലേയും ഡല്‍ഹിയിലേയും കൊവിഡ് രോഗികളുടെ എണ്ണം. 1,26,581 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 78,161 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 46,655 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
1,07,051 പേര്‍ക്ക് ഡല്‍ഹിയിലും കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 21,567 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 82,226 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 3258 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.
Story highlights: Corona virus pandemic In India Latest Updates