7 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗബാധിതര്‍
രാജ്യത്തെ വിട്ടൊഴിയൊതെ കൊറോണ വൈറസ്. മാസങ്ങളേറെയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,19,665 ആയി ഉയര്‍ന്നു. അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് 20000-ല്‍ അധികം ആളുകളില്‍ ഒറ്റ ദിവസംകൊണ്ട് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതും.
24 മണിക്കൂറിനിടെ 467 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 20,160 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം മൂലം ജീവന് നഷ്ടപ്പെട്ടത്. എന്നാല്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളേക്കാള്‍ അധികം രേഗികള്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. 61.13 ശതമാനമാണ് രോഗമുക്തി. 4,39,947 രോഗികള്‍ ഇതിനോടകംതന്നെ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 2,59,557 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര സംസ്ഥാനത്തെയാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കൊവിഡ് മൂലം മഹാരാഷ്ട്രയില്‍ മരണപ്പെട്ടവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഒരു ലക്ഷം കടന്നു ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
Story highlights: Corona Virus Covid19 In India Today Latest Updates