കൊറോണ വൈറസും ലാബ് പരിശോധനയും; അറിയേണ്ടതെല്ലാം
മാസങ്ങള്‍ ഏറെയായി കൊവിഡ്- 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. കൊറോണ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പകരുന്ന കരുത്ത് ചെറുതല്ല. കൊവിഡ്- 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പരമ പ്രധാനമായ പങ്കാണ് പരിശോധനകള്‍ക്കുള്ളത്.
പരിശോധനകള്‍ നടത്തുന്നത് രോഗംബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ മാത്രമല്ല സമൂഹ വ്യാപന സാധ്യതകൂടി അറിയാനും, ഫലപ്രദമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും കൂടിയാണ്. സ്രവ ശേഖരണം മുതല്‍ പരിശോധന ഫലം ലഭിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ വളരെ നിര്‍ണ്ണായകവും അതിലുപരി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. സ്രവം ശേഖരിക്കുന്നയാള്‍ തൊട്ടു വൈറോളജിസ്സ്റ്റുകള്‍, ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം ജീവനക്കാരിലൂടെ ഈ ഒരു പ്രക്രിയ കടന്നു പോകുന്നു. ഓരോ ഫല പ്രഖ്യാപനത്തിനു പിന്നിലും ത്യാഗത്തിന്റെയും കഠിനാധ്വാനാത്തിന്റെയും കഥകള്‍ പറയാനുമുണ്ട്.
സ്രവശേഖരണം കരുതലോടെ
കൊവിഡ് വൈറസ് ബാധ സംശയിക്കുന്ന ആളുടെ മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ആണ് സ്രവം ശേഖരിക്കുന്നത്. സാംപിൾ ശേഖരിക്കുന്നവർ വ്യക്തിഗത സുരക്ഷയ്ക്കായുള്ള വസ്ത്രങ്ങൾ (പിപിഇ കിറ്റ്) ധരിക്കണം. സ്റ്റെറൈൽ സ്വാബ് ഉപയോഗിച്ചാണു സ്രവം ശേഖരിക്കുന്നത്. വിസ്കുകള്‍ എന്നറിയപ്പെടുന്ന സുരക്ഷാ കവചിതങ്ങളോട് കൂടിയ കിയോസ്കുകള്‍ വഴിയും സ്രവം ശേഖരിക്കാവുന്നതാണ്.
ശേഖരിക്കുന്ന സ്രവം ലാബുകളിലേക്ക് കൊണ്ട്പോകുന്നതിനു മുന്‍പായി പുറത്തേക്കു വ്യാപിക്കാതിരിക്കാനായി 3 പാളികളുള്ള പാക്കിങ് ചെയ്തു ഭദ്രമാക്കും. ത്രീ ലെയർ പാക്കിങ് ചെയ്തു ഭദ്രമാക്കിയ സ്രവം തെർമോക്കോൾ പെട്ടിയിലാക്കി, ആവശ്യമെങ്കിൽ ഡ്രൈ ഐസ് കവചവും രോഗിയുടെ പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, തിരിച്ചറിയൽ നമ്പർ തുടങ്ങിയവ രേഖപ്പെടുത്തിയ ഫോമും ഇതിനൊപ്പം ഉള്‍പ്പെടുത്തിയാണു ലാബിലേക്ക് അയക്കുന്നത്.
ലാബ് പരിശോധന
കൊവിഡ് ആണോയെന്നു സ്ഥിരീകരിക്കുന്നത് RT PCR പരിശോധന വഴിയാണ്. വിവിധ ഘട്ടങ്ങളായി നടക്കുന്ന ഒരു പ്രക്രിയയാണു RT PCR.
ആദ്യ ഘട്ടം– ആർഎൻഎ വേർതിരിക്കൽ
വൈറസ് ട്രാൻസ്പോർട്ട് മീഡിയത്തിൽ കൊണ്ടുവന്നിരിക്കുന്ന സ്രവത്തിൽ നിന്നു റൈബോന്യൂക്ലിക് ആസിഡ് (ആർഎൻഎ) വേർതിരിക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി ആർഎൻഎ എക്സ്ട്രാക്‌ഷൻ കിറ്റാണ് ഉപയോഗിക്കുന്നത്. 2 മണിക്കൂറോളമാണ് ഇതിനു വേണ്ടിവരുന്ന സമയം.
Read also: നിലനിൽപ്പിന് വേണ്ടി പോരാടി ജീവികൾ; തേനീച്ചകളും ആനകളുമടക്കം വംശനാശ ഭീഷണിയിൽ
രണ്ടാം ഘട്ടം– പിസിആർ ആംപ്ലിഫിക്കേഷൻ
പരിശോധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് പോളിമറേസ് ചെയിൻ റിയാക്‌ഷൻ (പിസിആർ). റിയൽടൈം റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് പിസിആർ എന്ന മോളിക്യുലാർ പരിശോധനയാണു നടത്തുന്നത്. പിസിആർ മെഷിനിൽ വെച്ചുകഴിഞ്ഞാൽ മൂന്നു മണിക്കൂറിനകം ഫലമറിയാൻ കഴിയും.
ഇതിനു പുറമേ ആന്റിബോഡി ടെസ്റ്റുകളും വൈറസ് കള്‍ച്ചര്‍ ചെയ്തും രോഗബാധ കണ്ടെത്താമെങ്കിലും പൊതുവില്‍ രോഗ സ്ഥിരീകരണത്തിനായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം RT PCR ആണ്.
ഇത്തരത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിലൂടെ രോഗബാധ കണ്ടെത്തുക മാത്രമല്ല സമൂഹ വ്യാപനമെന്ന ദുരന്തം നമുക്ക് ഒഴിവാക്കാനും സാധിക്കുന്നു.
Story Highlights: covid 19 and lab test