ഭീമൻ നക്ഷത്രം അപ്രത്യക്ഷമായത് നിമിഷങ്ങൾക്കുള്ളിൽ; അപൂർവ പ്രതിഭാസമെന്ന് ശാസ്ത്രലോകം
വർഷങ്ങളുടെ പഴക്കമുള്ള ഭീമൻ നക്ഷത്രം പെട്ടന്നൊരു ദിവസം അപ്രത്യക്ഷമായതിന്റെ കാരണം തിരയുകയാണ് ശാസ്ത്രലോകം…75 ദശലക്ഷം പ്രകാശവർഷങ്ങൾ അകലെയുള്ള ഭീമൻ നക്ഷത്രമാണ് അപ്രത്യക്ഷമായത്. എന്നാൽ സാധാരണ ഗതിയിൽ ഇത്തരത്തിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നത് പൊട്ടിത്തെറിയ്ക്ക് ശേഷമാണ്. എന്നാൽ ഈ നക്ഷത്രത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊരു പൊട്ടിത്തെറി നടന്നിട്ടില്ല. അതേസമയം പൊടിപടലങ്ങളാൽ ഈ നക്ഷത്രം മൂടിയതാകുമോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം സൂര്യന്റെ 25 ലക്ഷം ഇരട്ടി പ്രകാശമുള്ള നക്ഷത്രമാണിത്. അതിനാൽ പൊടിപടലങ്ങൾ വന്ന് മൂടുക എന്നത് സാധ്യമാകുന്ന കാര്യമല്ലെന്നും പറയുന്നുണ്ട്. ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നത് യൂറോപ്യൻ സൗത്തർ ഒബ്സർവേറ്ററിയിലെ വെരി ലാർജ് ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ്. എന്നാൽ ഈ നക്ഷത്രവുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്.
2025 ൽ സ്ഥാപിക്കുന്ന യൂറോപ്യൻ സൗത്തർ ഒബ്സർവേറ്ററിയിലെ എക്സ്ട്രീമിലി ലാർജ് ടെലസ്കോപ്പ് നിലവിൽ വരുന്നതോടെ ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്താമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ഈ അപ്രത്യക്ഷമായ നക്ഷത്രത്തിന്റെ കാരണങ്ങൾ വ്യക്തമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മന്ത്ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ജേർണലിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.
Story Highlights: Giant star mysteriously vanished