1.7 കോടി കടന്ന് ലോകത്ത് കൊവിഡ് ബാധിതര്‍

July 31, 2020
Lowest rise in daily Covid cases in 215 day

ലോകത്തു നിന്നും ഇതുവരെ മാറിയിട്ടില്ല കൊവിഡ് ഭീതി. മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരിയുമായി ലോകജനത യുദ്ധം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും വിവിധ രാജ്യങ്ങളില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 1.7 കോടി പിന്നിട്ടു ലോകത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കൊവിഡ് കേസുകള്‍ 1,72,197,67 ആയി ഉയര്‍ന്നു. 6,71,009 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടേതാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന അമേരിക്കയില്‍ ഒന്നര ലക്ഷത്തില്‍ അധികം പേര്‍ കൊവിഡ് മരണത്തിന് ഇരയായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്ക. 44,87,072 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 26,10,102 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 91,263 പേര്‍ കൊവിഡ് മൂലം ബ്രസീലില്‍ മരണപ്പെടുകയും ചെയ്തു. കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലും പതിനഞ്ച് ലക്ഷത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുപ്പതിനായിരത്തിലധികം പേര്‍ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു.

Story highlights: Global Covid 19 cases rise to 1,7 crore