രാജ്യത്തെ കൊവിഡ് ബാധിതർ പത്ത് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4169 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ഇതില്‍ ബംഗളൂരുവില്‍ നിന്ന് മാത്രമാണ് 2344 പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 104 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ ആയിരം കടന്നു.
24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 4549 പുതിയ കേസുകളും 69 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 156,369 ആയി. മരണം 2236 ആയി. ചെന്നൈയില്‍ മാത്രം 1157 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1652 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,18,645 ആയി. 24 മണിക്കൂറിനിടെ 58 പേര്‍ കൂടി മരിച്ചു, ഇതോടെ ആകെ മരണം 3545 ആയി.
മധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 20,000 കടന്നു. ആന്ധ്രയില്‍ 2593, ഉത്തര്‍പ്രദേശില്‍ 2083, പശ്ചിമബംഗാളില്‍ 1690, തെലങ്കാനയില്‍ 1,676 , ഗുജറാത്തില്‍ 919 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. 722 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 10,275 ആയി.
Story Highlights: Covid Updates India



