‘ഹലോ, പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനല്ലേ, എന്നെ ഓർമ്മയുണ്ടോ?’- കുസൃതിയുമായി ജയസൂര്യ
ഓൺസ്ക്രീനിൽ ആരംഭിച്ച് ഓഫ്സ്ക്രീനിലും അടുത്ത സുഹൃത്തുക്കളായി തുടരുന്നവരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. സന്തോഷങ്ങളിലും പ്രതിസന്ധികളിലും പരസ്പരം കൈത്താങ്ങാകാറുള്ള താരങ്ങളുടെ കുടുംബങ്ങളും അടുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. സൗഹൃദം പ്രകടിപ്പിക്കുന്ന ധാരാളം സോഷ്യൽമീഡിയ പോസ്റ്റുകൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ രസകരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ജയസൂര്യ. ഫോൺ വിളിക്കുന്ന തരത്തിൽ വിവിധ പോസുകളിലുള്ള സ്വന്തം ചിത്രങ്ങൾക്കൊപ്പം കുഞ്ചാക്കോ ബോബനുമായുള്ള സംഭാഷണം പങ്കുവയ്ക്കുകയാണ് ജയസൂര്യ.
‘ഹലോ….പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ? എന്നെ ഓർമ്മയുണ്ടോ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ?’ എന്ന് ജയസൂര്യ കുറിക്കുന്നു.
ജയസൂര്യയുടെ പോസ്റ്റ് പങ്കുവെച്ച് ഈ ചങ്ങാതിയെ ഒരിക്കലും മറക്കാനാകില്ല എന്ന് കുഞ്ചാക്കോ ബോബനും കുറിക്കുന്നു.
അതേസമയം, ‘സൂഫിയും സുജാതയും’ വിജയകരമായി പ്രദർശനം തുടരുന്ന സന്തോഷത്തിലാണ് ജയസൂര്യ. മലയാള സിനിമയിൽ ആദ്യമായി ഓൺലൈൻ റിലീസിന് എത്തുന്ന ചിത്രമാണ് ‘സൂഫിയും സുജാതയും’. ഏറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ‘അഞ്ചാം പാതിര’യാണ് കുഞ്ചാക്കോ ബോബൻ നായകനായി തിയേറ്ററിലെത്തിയ ചിത്രം.
Story highlights-jayasurya’s funny instagram post