പോരാട്ടവീര്യത്തിന്റെ സ്മരണയില്‍ ആ മഹാവിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; ഇന്ന് കാര്‍ഗില്‍ വിജയദിനം…

July 26, 2020
Kargil Vijaya Divas Special Story

ഇന്ന് ജൂലൈ 26. ഓരോ ഇന്ത്യക്കാരനേയും സംബന്ധിച്ച് അഭിമാനത്തിന്റെ ദിനം. കരളുറപ്പുള്ള ധീര ജവന്മാരരുടെ പോരാട്ട വിജയത്തിന്റെ ദിവസം. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജൂലൈ മാസം 26 ആം തീയതി അതിശൈത്യമുള്ള ഒരു പുലരിയിലാണ്, ഇന്ത്യന്‍ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നത്.

1999- ലെ കാര്‍ഗില്‍ യുദ്ധം ദേശീയാഭിമാനത്താല്‍ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യത്തിന്റെ നാളുകള്‍ ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്താന്‍ ആക്രമണത്തിനു തെരഞ്ഞെടുത്തതും

വര്‍ഷത്തില്‍ ഒമ്പത് മാസവും ഐസ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. ജമ്മു കശ്മീരിന്റെ ഭാഗമായ കാര്‍ഗില്‍ നിയന്ത്രണരേഖയോടടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗറില്‍നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലത്തിലുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായും നിലകൊള്ളുന്നു. വേനല്‍ക്കാലത്തു പോലും വളരെയധികം തണുപ്പുള്ള ഈ പ്രദേശത്ത് ചിലപ്പോള്‍ അന്തരീക്ഷോഷ്മാവ് -50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കാര്‍ഗിലില്‍ കാലാവസ്ഥ വളരെയധികം മോശമായതിനാല്‍ തണുപ്പുകാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് കൃത്യമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്താന്റെ നുഴഞ്ഞുകയറ്റക്കാര്‍ ഇതൊരു പോസിറ്റീവ് സൈനായി കണ്ട് കാര്‍ഗില്‍ പിടിച്ചടക്കാന്‍ ഈ സമയം തെരഞ്ഞെടുക്കുകയിരുന്നു.

1999 മെയ് മാസത്തിലാണ് പാക്കിസ്ഥാനില്‍ നിന്നും കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിക്കുന്നത്. ആ പ്രദേശത്ത് ആട് മേയ്ക്കുന്നവരാണ് ഈ വിവരം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. പരിചയമില്ലാത്ത ആളുകളെ പ്രദേശത്ത് കണ്ടതോടെ സംശയം തോന്നിയ ആട്ടിടയന്മാര്‍ സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് ഇന്ത്യന്‍ സൈന്യം എത്തുമ്പോഴേക്കും ഭൂരിഭാഗം പ്രദേശങ്ങളിലും നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. അന്വേഷണ ഭാഗമായി ആ പ്രദേശത്ത് എത്തിയ അഞ്ച് ഇന്ത്യന്‍ സൈനികരെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവെച്ചുകൊന്നു. ഇതോടെ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിധ്യം സൈന്യം ഉറപ്പിച്ചു.

പിന്നീടുള്ള സൈന്യത്തിന്റെ പരിശോധനകളില്‍ വിവിധ ഇടങ്ങളില്‍ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം കണ്ടെത്തുകയായും ചെയ്തു. നൂറു കണക്കിന് പാക് സൈനികരാണ് തീവ്രവാദികളോടൊപ്പം കാര്‍ഗില്‍ മലനിരകളില്‍ താവളമുറപ്പിച്ചിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം 72 ദിവസങ്ങള്‍ നീണ്ടുനിന്നു. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. പാകിസ്താന്‍ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് നല്‍കിയ മറുപടിയാണ് കാര്‍ഗില്‍.

കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന് പ്രദേശത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വര്‍ധിപ്പിച്ചു. ഇന്ത്യ പ്രതീക്ഷിച്ചതിലും ഒരുപാട് കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍. ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ നേരിട്ടും അല്ലാതെയും യുദ്ധത്തിന്റെ ഭാഗമായി, 30,000-ത്തോളം പേര്‍ നേരിട്ട് പോരാട്ടത്തില്‍ പങ്കെടുത്തു. എന്നാല്‍ യുദ്ധകാലത്ത് നിരവധി വെല്ലുവിളികളോടെയാണ് ഇന്ത്യന്‍ സൈന്യം വിജയം കൈവരിച്ചത്.

കാലാവസ്ഥ ഉയര്‍ത്തിയ വെല്ലുവിളിയ്ക്ക് പിന്നാലെ ഉയരത്തിന്റെ മുന്‍തൂക്കമുള്ള മലമുകളില്‍ നിലയുറപ്പിച്ച ശത്രുവിനെ താഴ്-വാരത്തില്‍ നിന്നും നേരിടേണ്ട അവസ്ഥയും ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടിയായി. ഗതാഗത സൗകര്യം ഇല്ലാത്ത മലമുകളിലേക്ക് നടന്നുകയറേണ്ട അവസ്ഥയാണ് മിക്കപ്പോഴും പട്ടാളക്കാര്‍ നേരിട്ടത്. എന്നാല്‍ ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളുമായി സര്‍വ സജ്ജരായിരുന്ന പാക്ക് സേനയെ നേരിടാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ പട്ടാളം ഭാരംകൂടുന്നതിനാല്‍ ഭക്ഷണം പോലും എടുക്കാതെ പരമാവധി ആയുധങ്ങള്‍ ചുമലിലേറ്റിയാണ് മലകയറിയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭീകരമായ ഒരു പോരാട്ടത്തിനാണ് അക്കാലത്ത് കാര്‍ഗില്‍ നഗരം സാക്ഷ്യം വഹിച്ചത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികള്‍ അന്ന് ഇന്ത്യ വിന്യസിച്ചിരുന്നു. എന്നാല്‍ ബോഫോഴ്‌സ് പീരങ്കികള്‍ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടിയായി. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ വ്യോമസേന ഓപറേഷന്‍ സഫേദ് സാഗര്‍ എന്ന പദ്ധതി പ്രയോഗത്തില്‍ കൊണ്ടുവന്നെങ്കിലും ഉയര്‍ന്ന പ്രദേശത്തേക്ക് ആയുധങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും പറന്നുയരാനുള്ള സ്ഥലക്കുറവും ഈ പദ്ധതിക്കും തടസ്സമുണ്ടാക്കി. അതിനുപുറമെ വ്യോമസേനയ്ക്ക് ഒരു മിഗ് 27 പോര്‍വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടതും ഒരു മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിട്ടതും ഇന്ത്യന്‍ സൈന്യത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച സംഭവങ്ങളാണ്.

ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും അക്കാലത്ത് പാകിസ്താന്‍ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന ലേസര്‍ ലക്ഷ്യ ബോംബുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്. വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാന്‍ സാധിക്കാത്ത ചില പാകിസ്താന്‍ നിയന്ത്രിത കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം നേരിട്ടുള്ള യുദ്ധത്തിലൂടെ പിടിച്ചെടുത്തു.

രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായത് സൈന്യത്തിന് ആത്മവിശ്വാസവും കരുത്തും പകര്‍ന്നു. ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75- 80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. സമ്പൂര്‍ണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാല്‍ പാകിസ്താനു ആറു ദിവസം പിടിച്ചു നില്‍ക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യക്കുമേല്‍ ആണവാക്രമണം നടത്തുവാന്‍ പാകിസ്താന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പാകിസ്താന്‍ പ്രധനമന്ത്രി നവാസ് ഷെരീഫിനു കര്‍ശനമായ താക്കീതു നല്‍കി, അതിനുശേഷമാണ് പാകിസ്താന്‍ ആ ഉദ്യമം വേണ്ടെന്നുവെച്ചത്

1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിച്ചടക്കുന്നതുവരെയിരുന്നു കാര്‍ഗില്‍ യുദ്ധത്തിന്റെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങള്‍. തോലോലിങും ഹംപും പിടിച്ചശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു ടൈഗര്‍ഹില്‍.

യുദ്ധത്തിന്റെ അവസാനഘട്ടം ജൂലൈ മൂന്നിന് വെളുപ്പിന് 5.15 ന് ഇന്ത്യ പീരങ്കി ആക്രമണം നടത്തി. 7.30 ഓടെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. ഇന്ത്യ ആക്രമണം തുടര്‍ന്നു, ഉച്ചയോടെ ഇന്ത്യന്‍ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ഇന്ത്യ ആക്രമണം നിര്‍ത്തിവച്ചു. ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. രാവിലെ ഏഴുമണിയോടെ ടൈഗര്‍ ഹില്‍ പിടിച്ചടക്കിയതായി ഇന്ത്യന്‍ സൈനികരുടെ സന്ദേശമെത്തി അതോടെ ടൈഗര്‍ഹില്ലിന് മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക പാറി.

കാര്‍ഗില്‍ വിജയ യുദ്ധത്തിലൂടെ മലയാളികളടക്കം 527 ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. അതിനാല്‍ തന്നെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് നഷ്ടമായ ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് രാജ്യം ഓരോ വര്‍ഷവും ഈ ദിവസത്തെ ഓര്‍ത്തെടുക്കുന്നത്. കാര്‍ഗിലില്‍ വിജയം കുറിച്ച ഈ ദിവസത്തെ ഇന്ത്യ വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കുന്നു.

Story highlights: Kargil Vijaya Divas Special Story