സംഗീതംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാൾ
സംഗീതം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാൾ. സംഗീത ലോകത്ത് നിന്നും ആരാധകർക്കിടയിൽ നിന്നും നൂറുകണക്കിന് ആളുകളാണ് കെ എസ് ചിത്ര എന്ന മഹാപ്രതിഭയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
പാട്ട് ജീവശ്വാസമായി കരുതുന്ന ഈ അത്ഭുത ഗായികയുടെ ഗാനങ്ങൾ എന്നും സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും മഴയായി ഇറങ്ങിച്ചെല്ലാറുണ്ട്. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും മാതൃത്വത്തിന്റെ നന്മയുമെല്ലാം ഈ ഗായികയുടെ ശബ്ദത്തിലൂടെ മലയാളികൾ തൊട്ടറിഞ്ഞതാണ്.
1979-ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനത്തിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ചിത്ര എന്ന പാട്ടുകാരി പിന്നീട് മലയാള സിനിമയുടെ പ്രധാന ഭാഗങ്ങളിലൊന്നായി മാറി.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയയായ ചിത്ര, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടി. 16 സംസ്ഥാന പുരസ്കാരങ്ങളും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്.
അതുപോലെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.
മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയ്ക്ക് പിറന്നാൾ ആശംസകൾ…
Story Highlights: KS Chithra birthday