ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങനേയും പാട്ട് റെക്കോര്‍ഡ് ചെയ്യാം; അലമാരയ്ക്കുള്ളിലെ പാട്ട് റെക്കോര്‍ഡിങ് വീഡിയോ പങ്കുവെച്ച് മംമ്ത

July 11, 2020
Mamtha Mohandas recording song in her wardrobe

ലോക്ക്ഡൗണ്‍കാലത്ത് തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ സമൂഹമാധ്യമങ്ങളാണ് മിക്ക ചലച്ചിത്ര താരങ്ങളുടേയും പ്രധാന തട്ടകം. സിനിമാ വിശേഷങ്ങള്‍ക്കും കുടുംബ വിശേഷങ്ങള്‍ക്കും ഒപ്പം ലോക്ക്ഡൗണ്‍ കാലത്തെ ക്രിയാത്മകതകളെക്കുറിച്ചുമൊക്കെ താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ മംമ്ത മോഹന്‍ദാസും ഇത്തരത്തില്‍ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

മംമ്ത മോഹന്‍ദാസ് പങ്കുവെച്ച കൊവിഡ് കാലത്തെ ഒരു പാട്ട് റെക്കോര്‍ഡിങ് അനുഭവമാണ് സൈബര്‍ലോകത്ത് ശ്രദ്ധ നേടുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ വാര്‍ഡ്രോബിന് അകത്തിരുന്നാണ് താരത്തിന്റെ റെക്കോര്‍ഡിങ്. പാടുന്നതിന്റെ വീഡിയോയാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്. ‘ലാല്‍ബാഗ് എന്ന ചിത്രത്തിലെ ‘റുമല്‍ അമ്പിളി…’ എന്നു തുടങ്ങുന്ന ഗാനമാണ് മംമ്ത ആലപിച്ചിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കേണ്ട കൊവിഡ് കാലത്ത് വേണമെങ്കില്‍ ഇങ്ങനേയും പാട്ട് റെക്കോര്‍ഡ് ചെയ്യാമെന്ന് രസകരമായി പറയുന്നുണ്ട് വീഡിയോയ്ക്ക് ഇടയില്‍ താരം. റെക്കോര്‍ഡിങ്ങിനായി എല്ലാവരും ഉറങ്ങുന്നതുവരെ കാത്തിരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read more: എആര്‍ റഹ്‌മാന്റെ മാന്ത്രികസംഗീതത്തില്‍ അവസാനമായി ചുവടുവെച്ച് സുശാന്ത്; ഹൃദയംതൊട്ട് ഗാനം

മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാല്‍ബാഗ്’. പ്രശാന്ത് മുരളി പത്മനാഭന്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. രാഹുല്‍രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Mamtha Mohandas recording song in her wardrobe