നദിയിലൂടെ ഒഴുകിയെത്തുന്നത് കറുത്ത മലിനജലം; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിൽ…
എന്തിനും ഏതിനും വ്യാജന്മാർ എത്തുന്ന കാലമായതുകൊണ്ടുതന്നെ ചിലപ്പോൾ പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും വ്യാജ വാർത്തകൾക്കൊപ്പം തള്ളിക്കളയപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു കറുത്തിരുണ്ട ജലം ഒഴുകി വരുന്ന നദിയെക്കുറിച്ചുള്ളത്.
ആദ്യകാഴ്ചയിൽ വ്യാജ വാർത്തയാകാം എന്ന് കരുതിയ ഈ ചിത്രം യാഥാർഥ്യമായിരുന്നു അത്രേ. അമേരിക്കയിലെ അരിസോണയിലാണ് ഈ പ്രതിഭാസം അരങ്ങേറിയത്. അരിസോണയിലെ പൈമാ മേഖലയിൽ നിന്നുള്ള അധികൃതർ തന്നെയാണ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതും.
അരിസോണയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ബിഗ് ഹോൺ ഫയർ എന്ന കാട്ടുതീയുടെ ഫലമായി ഒരുപാട് കറുത്ത മാലിന്യങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. അരിസോണ ദേശീയ പാർക്കിലെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഹെക്ടർ വനം കാട്ടുതീയുടെ ഫലമായി നശിച്ചിരുന്നു. ഇതിന്റെ ഫലമായി രൂപംകൊണ്ട പൊടിയും ചാരവും മഴ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതാണ് ഈ കറുത്ത ജലത്തിന് കാരണമെന്നാണ് അധികൃതർ വിശദീകരിച്ചത്.
ഈ പ്രദേശത്ത് ഉണ്ടാകുന്ന ചെറിയ മഴയുടെ ജലംപോലും മണ്ണിലേക്ക് ഇറങ്ങാത്ത രീതിയിൽ ഇവിടെ ചാരം നിറഞ്ഞിരിക്കുകയാണ്. അതിനാൽ ചെറിയ മഴയ്ക്ക് ശേഷം ഉണ്ടാകുന്ന വെള്ളം പോലും മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകും. അതുകൊണ്ടുതന്നെ വലിയ മഴയ്ക്ക് ശേഷമുണ്ടാകുന്ന ജലം ഇത്തരത്തിൽ അരുവികളിലൂടെ ഒഴുകി ചുറ്റുമുള്ള പ്രദേശത്തേക്ക് മുഴുവൻ വ്യാപിക്കും. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒഴുകിയെത്തിയ കറുത്ത ജലമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടത്.
അതേസമയം ഇങ്ങനെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷമാണ്. ഇത് പ്രകൃതിയിലെ ജൈവ സമ്പത്തിനെയും ഹാനികരമായി ബാധിക്കും. അതിന് പുറമെ കറുത്ത മാലിന്യങ്ങൾ നിറഞ്ഞ ഈ ജലം സമീപപ്രദേശങ്ങളിലെ മുഴുവൻ അരുവികളും മലിനമാക്കാനും കാരണമാകും.
Who had this on their 2020 hellscape bingo card? pic.twitter.com/fUNvIVS7aw
— Official Pima County (@pimaarizona) July 16, 2020
Story Highlights: Mystery Behind Black River in Arizona