കൊച്ചിയിൽ സൂഹവ്യാപനമില്ല, കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും: മന്ത്രി വിഎസ് സുനിൽ കുമാർ

July 10, 2020
kochi

കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊച്ചിയിൽ സമൂഹ വ്യാപനമില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു. എന്നാൽ ആളുകൾക്കിടയിൽ ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന മാർക്കറ്റുകൾ അടക്കും. സമ്പർക്ക രോഗ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളായി തിരിച്ചത്. ഇവിടങ്ങളിൽ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയം എട്ട് മണി മുതൽ ഒരു മണി വരെ ആക്കി ക്രമീകരിച്ചിട്ടുണ്ട്.

ആലുവ, മുളവുകാട്, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌. ഈ പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയിലൻസ് പ്രഖ്യാപിച്ചു.

അതേസമയം ജില്ലയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേർക്കാണ്. നിലവിൽ ഉറവിടമറിയാത്ത ഒൻപത് കേസുകൾ ആണ് ജില്ലയിലുള്ളത്.

Story Highlights:no community transmission in Kochi