മുടിയഴകിന് കഞ്ഞിവെള്ളവും
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് കഞ്ഞിവെള്ളത്തിന്റെ സ്ഥാനം. തലമുടിയുടെ പല പ്രശ്നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം എങ്ങനെയെല്ലാം സഹായിക്കുന്നു എന്നു നോക്കാം.
നല്ലൊരു കണ്ടീഷ്ണറാണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും.
മുടിയുടെ വളര്‍ച്ചയ്ക്കും കഞ്ഞിവെള്ളം ഗുണകരമാണ്. ഇത് ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. താരനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും കഞ്ഞിവെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമായ ഘടകങ്ങളാണ്. കഞ്ഞിവെള്ളം തലമുടിയില്‍ തേച്ച ശേഷം അല്പസമയം മസാജ് ചെയ്യുക. തുടര്‍ന്ന് കഴുകി കളയുക. ഇങ്ങനെ ചെയ്താല്‍ തലമുടിക്ക് പ്രോട്ടീന്‍ ട്രീറ്റ്മെന്റ് ചെയ്യുന്ന ഗുണം ലഭിക്കുന്നു.
തലമുടിക്ക് മാത്രമല്ല മുഖ സൗന്ദര്യത്തിനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു ടോണര്‍ പോലെ ഉപയോഗിക്കാവുന്നതാണ് ഇത്. കോട്ടണ്‍ തുണിയില്‍ അല്പം കഞ്ഞിവെള്ളം മുക്കി മുഖത്തും കണ്തടങ്ങളിലും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൂര്യപ്രകാശം മൂലം ചര്മ്മത്തിലേല്ക്കുന്ന കരിവാളിപ്പ് മാറ്റാനും കഞ്ഞിവെള്ളം തേച്ചാല്‍ മതിയാകും.
Story highlights: Rice soup for healthy hair