തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ

July 2, 2020
linsa

ഒരേ സ്കൂളിൽ തൂപ്പുകാരിയായും പിന്നീട് ടീച്ചറായും എത്തുക… കെട്ടുകഥയോ, സിനിമാക്കഥയോ പോലെ തോന്നുമെങ്കിലും ലിൻസയുടെ ജീവിതം ലോകത്തിന് മാതൃകയാകുന്നത്‌ തൂപ്പുകാരിയിൽ നിന്നും സ്കൂൾ ടീച്ചറിലേക്കുള്ള ദൂരത്തിലൂടെയാണ്.

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ലിൻസയുടെ ജീവിതം തികച്ചും സിനിമാക്കഥയെ വെല്ലുന്നതാണ്. അധ്യാപകനായ അച്ഛന്റെ അപ്രതീക്ഷിത മരണം ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ ലിൻസയെ വല്ലാതെ തളർത്തി. ഡിഗ്രി പാസാവാത്തതിനാൽ അച്ഛന്റെ മരണത്തോടെ ആ സ്കൂളില്‍ തൂപ്പുജോലിക്കാരിയായി ലിൻസയ്ക്ക് നിയമനം ലഭിച്ചു. പിന്നീടുള്ള 12 വർഷങ്ങൾ ലിൻസ ആ സ്കൂളിൽ തൂപ്പുജോലിക്കാരിയായി ജോലിനോക്കി.

ഇക്കാലയളവിനിടയിൽതന്നെ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ലിൻസ പൂര്‍ത്തിയാക്കി. പിന്നീട് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലിക്ക് കയറി. എന്നാൽ ഇഖ്ബാല്‍ സ്‌കൂള്ളിൽ നിന്നും തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു.

ഇതിനിടെ ലിൻസ കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി. അങ്ങനെ തൂപ്പുകാരിയുടെ ജോലി ഉപേക്ഷിച്ച് ആ സ്കൂളിലെ അധ്യാപികയായി ലിൻസ ജീവിതം ആരംഭിച്ചു.

ലിൻസയുടെ ജീവിതകഥ പങ്കുവെച്ചുകൊണ്ട് ആനന്ദ് ബെനഡിക്ട് എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

തൂപ്പുകാരിയിൽനിന്നും ഇംഗ്ലീഷ് ടീച്ചറിലേക്ക് ലിൻസ … 
ബിഗ് സല്യൂട്ട് … 

“തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായി മാറിയ കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക ലിൻസ നമുക്ക് ഒരു മാതൃക തന്നെയാണ്.

അർപ്പണബോധത്തോടെ, ആത്മാർത്ഥതയോടെ, ലക്ഷ്യബോധത്തോടെ പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ ആഗ്രഹിച്ച ജോലി നേടാം എന്നതിന്റെ ഉദാഹരണമാണ് ലിൻസ.

2001 ലാണ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ രാജൻ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിൻസ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസിലും.

ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലിക്കാരിയായി.

തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്. മറ്റൊരാളുടെ ഒഴിവിൽ ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കി. എന്നാല്‍ 2006-ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു.

എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി. 2012 ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്..

Read also : മില്യൺ കാഴ്ചക്കാരുമായി കരടിക്കുഞ്ഞുങ്ങളുടെ ഗുസ്തി മത്സരം, ചിരി വീഡിയോ

ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷിൽ ബി.എഡ്, ടെറ്റും, സെറ്റുമെല്ലാം നേടിയത് തൂപ്പുകാരിയായി ജോലിചെയ്ത്..

പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ..
ബിഗ് സല്യൂട്ട് … 

Story Highlights: sweeper linsa joins as english teacher