“പേരിന് ഒരു അര്ത്ഥമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അങ്ങനെ തഹാന് എന്നു പേരിട്ടു”: മകന്റെ പേരിനെക്കുറിച്ച് ടൊവിനോ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ ടൊവിനോയുടെ കുടുംബ വിശേഷങ്ങളും ഇത്തരത്തില്‍ ശ്രദ്ധ നേടാറുണ്ട്.
മകന് പിറന്ന വിശേഷവും ടൊവിനോ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. തഹാന് എന്ന ടൊവിനയുടെ മകന്റെ പേര് പലര്‍ക്കും അപരിചിതമാണ്. ഇപ്പോഴിതാ മകന്റെ പേരിനെക്കുറിച്ച് വാചലനായിരിക്കുകയാണ് താരം.
”പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അര്‍ത്ഥമുണ്ടാകണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് തഹാന് എന്ന പേരിലേക്ക് എത്തിയത്. കരുണയുള്ളവന്‍ എന്നാണ് ഈ പേരിന് അര്‍ത്ഥം.” ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു. ഇത് ഒരു ഹിന്ദു അല്ലെങ്കില്‍ ക്രിസ്റ്റ്യന്‍ അതുമല്ലെങ്കില്‍ മുസ്ലീം പേരാകാം. അതുകൊണ്ടാണ് ഈ പേര് ഇഷ്ടപ്പെട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഹാന്‍ എന്നാണ് തഹാനെ വിളിക്കുന്നത്. ഹാന്‍ എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥം. ഇസ എന്നാണ് ടൊവിനോയുടെ മകളുടെ പേര്. കീര്‍ത്തി, അഭിമാനം എന്നൊക്കെയാണ് ഈ പേരിന് അര്‍ത്ഥം.
അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights: Tovino Thomas explains about son name Tahaan