“ഒരു വീഴ്ചയ്ക്കും തളര്‍ത്താനാവില്ല”; വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, ഫാഷന്‍- ഫിറ്റ്നെസ് വിശേഷങ്ങളുമെല്ലാം താരങ്ങള്‍ ഇത്തരത്തില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ടൊവിനോ തോമസും ഇടയ്ക്കിടെ വര്‍ക്കൗട്ട് വീഡിയോയും ഫിറ്റ്നെസ് വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ടൊവിനോ തോമസിന്റെ ചില വര്‍ക്കൗട്ട് വീഡിയോകളാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകള്‍ ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ജിമ്മിലെ തന്റെ വര്‍ക്കൗട്ടിന് ഇടയില്‍ ഒരു ടയറിന്റെ മുകളിലൂടെ ചാടാന്‍ ശ്രമിക്കുന്ന ടൊവിനോയാണ് ആദ്യത്തെ വീഡിയോയില്‍. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകാതെ താരം വീഴുകയായിരുന്നു ആദ്യ ശ്രമത്തില്‍. അടുത്ത വീഡിയോയില്‍ ടയറിനെ കുതിച്ച് ചാടി മറികടക്കുന്ന ടൊവിനോയെ കാണാം. ‘പിന്മാറുന്നത് വരെ തോറ്റുപോകില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.
മറ്റൊരു വീഡിയോയില്‍ ജിം ട്രെയിനര്‍ക്ക് മുകളിലൂടെ ഇയര്‍ന്നു ചാടി മറികടക്കുന്ന ടൊവിനോയേയും കാണാം. ‘ധൈര്യം സമ്മതിച്ചിരിക്കുന്നു. അടുത്തത് പുള്ളിയുടെ തലയില്‍ ആപ്പിള്‍ വെച്ച് അമ്പെയ്ത്ത് പ്രാക്ടീസ്’ എന്ന രസകരമായ കമന്റും ഈ വീഡിയോക്ക് താരം നല്‍കിയിട്ടുണ്ട്.
അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights: Tovino Thomas Workout Video