കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് നേട്ടം; രോഗമുക്തനായി 103 വയസ്സുകാരന്‍
മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാം. കൊറോണ വൈറസ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായത്
പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19-ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണ്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രം എന്ന നിലയില്‍ കഴിഞ്ഞ ആറ് മാസമായിമികച്ച പ്രവര്‍ത്തനമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് കാഴ്ചവെച്ചിരിക്കുന്നത്. ആയിരത്തിലേറെ രോഗികള്‍ ഈ മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് പരീദ് കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ചു പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. രോഗം സ്ഥിരീകരിച്ചു 20 ദിവസം കൊണ്ട് തന്നെ അദ്ദേഹം രോഗമുക്തനായി. കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ അദ്ദേഹത്തെ പൊന്നാടയും പുഷ്പങ്ങളും നല്‍കി യാത്രയാക്കി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 105 വയസുകാരി അസ്മ ബീവിയേയും നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
Story highlights: 103 years old COVID survivor