സ്ഫോടനത്തിൽ തകർന്ന ആശുപത്രിയിൽ നവജാത ശിശുക്കളെ ചേർത്തണച്ച് ഒരു നഴ്സ്; ഈ ചിത്രത്തിനും പറയാനുണ്ട്, ഒരു മാലാഖയുടെ കഥ
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ ലോകം അറിഞ്ഞുതുടങ്ങുന്നതേയുള്ളു. കണ്ണീരും വേദനയും നിറഞ്ഞ അനുഭവങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായൊരു ചിത്രമായിരുന്നു മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോടുചേർത്ത് നിൽക്കുന്ന നഴ്സിന്റേത്. ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്നുവീണുകിടക്കുമ്പോഴും ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ നഴ്സ്, ബെയ്റൂട്ടിലെ അഷ്റാഫിയ പ്രവിശ്യയിലുള്ള ആശുപത്രി ജീവനക്കാരിയാണ്.
ലെബനീസ് ഫോട്ടോ ജേർണലിസ്റ്റ് ബിലാൽ ജ്യോവിച്ചാണ് ആ ചിത്രം ലോകത്തിന് മുന്നിൽ എത്തിച്ചത്. എല്ലാം തകർന്നുകിടക്കുന്ന മുറിയിൽ പല പല അമ്മമാരുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ലാൻഡ്ഫോണിലൂടെ സഹായം തേടുകയായിരുന്നു ആ നഴ്സ്. വളരെ പ്രതീക്ഷ പകരുന്ന ചിത്രമെന്നാണ് ആളുകൾ ഇതിനു താഴെയായി കമന്റ്റ് ചെയ്തത്.
ചിത്രത്തിനൊപ്പം ബിലാൽ ജ്യോവിച്ച് കുറിച്ച് വാക്കുകളും ശ്രദ്ധേയമാണ്. ‘പതിനാറു വർഷമായി ധാരാളം യുദ്ധമുഖങ്ങളിലെ ചിത്രങ്ങൾ ഞാൻ പകർത്തിയിട്ടുണ്ട്.എന്നാൽ അഷ്റാഫിയയിൽ കണ്ടതുപോലെ ഒരു കാഴ്ച ഒരിടത്തും കണ്ടിട്ടില്ല’. എല്ലാ തരത്തിലും തകർന്നടിഞ്ഞ നഗരത്തിൽ ഈ കാഴ്ച നൽകുന്ന പ്രതീക്ഷ ചെറുതല്ല. ചിത്രത്തിലുള്ള നഴ്സ് മറ്റേർണിറ്റി വാർഡിൽ ജോലി ചെയ്യുമ്പോഴാണ് സ്ഫോടനം സംഭവിക്കുന്നത്.
Story highlights-A nurse rescues babies from an explosion viral photo