നിശ്ചയ ദാർഢ്യത്തോടെ ആരതി നടന്നു കയറിയത് ഐഎഎസ് കസേരയിലേക്ക്; പ്രചോദനം ഈ ജീവിതം

August 5, 2020
arathi

ഇത് ആരതി ഐഎഎസ്… രാജസ്ഥാനിലെ അജ്‌മേർ ജില്ലാ കളക്ടറാണ് വെറും മൂന്നടി ആറിഞ്ച് മാത്രം ഉയരമുള്ള ഈ പെൺകുട്ടി. ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട ആരതിയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്.

ജന്മനാ ഉയരക്കുറവുള്ള ആരതി ബാല്യകാലം മുതൽ പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങേണ്ടിവന്ന പെൺകുട്ടിയാണ്. എന്നാൽ ഇവയ്‌ക്കൊന്നും ആരതിയുടെ ചങ്കുറപ്പുറപ്പിനെ തളർത്താൻ കഴിഞ്ഞില്ല.. ഓരോ കുത്തുവാക്കുകളെയും പരിഹാസങ്ങളെയും പോരാട്ട വീര്യത്തോടെ ഏറ്റുവാങ്ങിയ ഈ പെൺകരുത്ത് ഇന്ന് ഉയരങ്ങൾ താണ്ടി ജില്ലാ കളക്ടറുടെ കസേരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഡെറാഡൂണിലെ വിജയ് കോളനിയിൽ, കേണൽ രാജേന്ദ്ര ഡോഗ്രയുടെയും അധ്യാപിക കുംകുവിന്റെയും മകളായി 1979 ജൂലൈ 18 നാണ് ആരതി ജനിച്ചത്. മകൾക്ക് വളർച്ചാ കുറവുണ്ടെന്നറിഞ്ഞിട്ടും മാതാപിതാക്കൾ അവളെ മറ്റ് കുട്ടികളെപ്പോലെത്തന്നെ വളർത്താൻ തീരുമാനിക്കുകയിരുന്നു. അതിനാൽ മറ്റൊരു കുട്ടി വേണ്ടന്ന് പോലും ആ മാതാപിതാക്കൾ തീരുമാനിച്ചു. ചെറുപ്പം മുതൽ മാതാപിതാക്കൾ അവൾക്ക് ഓരോ ചുവടിലും പൂർണമായ കരുത്തും ശക്തിയും പകർന്നുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ശാരീരിക പരിമിതികളെ പുഞ്ചിരിച്ചുകൊണ്ടാണ് ആരതി നേരിട്ടതും.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന ആരതി ബിരുദവും ബിരുദാന്തര ബിരുദവും ഇക്കണോമിക്‌സിൽ പൂർത്തിയാക്കി. മനീഷ് പവാർ ഐഎഎസ് നെ കണ്ടുമുട്ടിയതോടെ ഐഎഎസ് നേടണം എന്ന ആഗ്രഹം ആരതിയുടെ ഉള്ളിലും പൂവിട്ടു. അങ്ങനെ 2005 ൽ ആരതി ഐഎഎസ് പരീക്ഷ എഴുതി, ആദ്യ ശ്രമത്തിൽ തന്നെ 56 ആം റാങ്കോടെ ആരതി ഐഎഎസ് സ്വന്തമാക്കി. 2019 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് ആരതി ഐഎഎസ്.

Story Highlights: arathi ias overcome physical challenges became a model