‘ഒരു സൂപ്പർ ഹീറോയേക്കാൾ ഉപരിയാണ് നിങ്ങൾ’- ആസിഫ് അലിയുടെ പതിനൊന്നു വർഷങ്ങൾ പങ്കുവെച്ച് സഹോദരൻ അസ്‌കർ അലി
സിനിമാ ലോകത്ത് പതിനൊന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ് ആസിഫ് അലി. വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച അഭിനേതാവെന്ന് ആസിഫ് അലി കയ്യടി നേടിയ വർഷമായിരുന്നു 2019. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ ആസിഫ് അലിക്ക് സാധിച്ചു. പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആസിഫ് അലിയുടെ സഹോദരനും നടനുമായ അസ്‌കർ അലി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഋതു ചിത്രത്തിലൂടെയാണ് ആസിഫലി സിനിമാ രംഗത്തേക്ക് എത്തുന്നത്. ആദ്യമായി ചിത്രം കാണാൻ പോയ അനുഭവമാണ് അസ്‌കർ അലി പങ്കുവയ്ക്കുന്നത്.
അസ്‌കർ അലിയുടെ കുറിപ്പ്;
‘ഈ ദിവസം എന്റെ മനസ്സിൽ ആദ്യമായി വരുന്നത് അബ്ബയോടും ഉമ്മയോടും ഒപ്പം ‘ഋതു’ കാണാൻ തിയേറ്ററിൽ ഇരിക്കുന്നതാണ്. അന്ന് എന്റെ കണ്ണുകളിലെ ആവേശവും സന്തോഷവും ഞാൻ ഇപ്പോഴും ഓർക്കുന്നു. നിങ്ങളുടെ എല്ലാ വിജയത്തിനും ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോലെ സാക്ഷ്യം വഹിച്ചു. ഒരു സൂപ്പർ ഹീറോയേക്കാൾ ഉപരിയാണ് നിങ്ങൾ.. എന്റെ അധ്യാപകൻ, ഉപദേഷ്ടാവ് അങ്ങനെ പലതും. നിങ്ങളുടെ കരിയറിൽ കൂടുതൽ കൂടുതൽ വിജയം നേരുന്നു. ഞാൻ എപ്പോഴും നിങ്ങളുടെ അരികിൽ നിൽക്കാനും നിങ്ങളിൽ നിന്ന് കൂടുതൽ പഠിക്കാനും ഇഷ്ടപ്പെടുന്നു’. ആസിഫ്അലിയുടെ ആദ്യ ഫാൻ ബോയ് എന്ന ഹാഷ്‌ടാഗോടെയാണ് അസ്‌കർ അലി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആസിഫ് അലിയുടെ പതിനൊന്നു വർഷങ്ങൾ എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്.
ശ്യാമപ്രസാദിന്റെ ‘ഋതു’വിൽ ആരംഭിച്ച യാത്ര ‘കെട്യോളാണെന്റെ മാലാഖ’ എന്ന ചിത്രം വരെ എത്തി നിൽക്കുകയാണ്. ‘കുഞ്ഞെൽദോ’ എന്ന ചിത്രമാണ് ആസിഫിന്റേതായി തിയേറ്ററുകളിൽ എന്താണുള്ളത്.