മഴക്കാലമാണ്, സൂക്ഷിക്കുക എലിപ്പനിയെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
കേരളത്തില്‍ കാലവര്‍ഷം ശക്തമാണ്. പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കാലം പലപ്പോഴും അസുഖങ്ങളുടെ കാലം കൂടിയാണ്. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള സാധ്യതയും കൂടുതലാണ്. എലിപ്പനിയ്ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ആരോഗ്യമന്ത്രി പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണ്.
എന്താണ് എലിപ്പനി
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.
രോഗ ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍
ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
Story highlights: Awareness Regarding Leptospirosis