ആ വലിയ സ്‌ഫോടനത്തില്‍ വീട്ടിലെ പലതും തകര്‍ന്നു; വേദന മറക്കാന്‍ പിയാനോ വായിച്ച് മുത്തശ്ശി; ഇത് സമാധാനത്തിന്റെ സംഗീതമെന്ന് സോഷ്യല്‍മീഡിയ
ലോകത്തെ നടുക്കിയ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം ലെബനോന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നിന്നും ജനങ്ങള്‍ കണ്ടത്. ആ വലിയ സ്‌ഫോടനം അനേകരുടെ ജീവന്‍ കവര്‍ന്നു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെയ്‌റൂട്ടില്‍ നിന്നുള്ള ഹൃദയഭേദകമായ കാഴ്ചകളും സമൂഹമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു വീഡിയോയും ശ്രദ്ധ നേടുകയാണിപ്പോള്‍.
ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ വീട്ടിലെ സാധനങ്ങളെല്ലാം തകര്‍ന്നപ്പോള്‍ അതിന് സമീപത്തിരുന്ന് പിയാനോ വായിക്കുന്ന ഒരു മുത്തശ്ശിയാണ് വീഡിയോയില്‍. വളരെ ആസ്വദിച്ച് പിയാനോ വായിക്കുന്ന മുത്തശ്ശിയില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സ്‌ഫോടനം തകര്‍ത്ത മേശയും കസേരയുമൊക്കെ വീഡിയോയില്‍ കാണിക്കുന്നു. അടര്‍ന്നു വീണ ജനല്‍ച്ചില്ലുകഷ്ണങ്ങളും വീഡിയോയില്‍ കാണാം.
എഴുപത്തിയൊമ്പത് വയസ്സുണ്ട് ഈ മുത്തശ്ശിക്ക്. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല മുത്തശ്ശി. സ്‌ഫോടന ശേഷം തിരികെ വീട്ടിലെത്തിയപ്പോള്‍ ഒരുപാട് വര്‍ഷക്കാലം ജീവിച്ച വീടിന്റെ അവസ്ഥ കണ്ട് മുത്തശ്ശി തളര്‍ന്നു. എങ്കിലും സമാധനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് അവര്‍ പിയാനോ വായിച്ചു.
Read more: എട്ട് ദിവസങ്ങൾകൊണ്ട് ഒരു മൂന്ന് നില വീട്; അത്ഭുതമായി നിർമിതി
മുത്തശ്ശിയുടെ കൊച്ചുമകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിവാഹത്തോട് അനുബന്ധിച്ച് തനിക്ക് ഭര്‍ത്താവില്‍ നിന്നും ലഭിച്ച ഈ പിയാന മുത്തശ്ശിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഹൃദയം നുറുങ്ങുന്ന വേദനയിലും തളരാതെ അവര്‍ ആ പിയാനോയെ ചേര്‍ത്തുപിടിച്ചത്.
അതേസമയം ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 135-ഓളം പേര്‍ മരണപ്പെട്ടു. 1500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുറുമുഖത്തിന് സമീപത്തുള്ള വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന അമോണിയം നെട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Story highlights: Beirut explosion 79 year-old plays piano viral video