ഈ പഴങ്ങള്‍ കഴിച്ചോളൂ; ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പകറ്റാം
പഴ വര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ നിസ്സാരമല്ല. പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളേയും നിയന്ത്രിക്കാന്‍ പഴ വര്‍ഗങ്ങള്‍ കൃത്യമായി ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്ക്രീം, കേക്ക് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടും. ഇത്തരം കൊഴുപ്പുകളെ ഒരു പരിധിവരെ പുറംതള്ളാന്‍ ചില പഴവര്‍ഗങ്ങള്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴ വര്‍ഗങ്ങളെ പരിചയപ്പെടാം.
ആപ്പിള്‍: ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ആപ്പിള്‍. നാരുകള്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിക്കുന്നത് ദഹനം സുഗമമാക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യുന്നു.
മാതളനാരങ്ങ: ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട് മാതളനാരങ്ങയില്‍. നിരവധി ഗുണങ്ങളുമുണ്ട് ഈ പഴത്തിന്. പോളിഫിനോള്‍ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്. നല്ലൊരു ഫാറ്റ് കില്ലറാണ് മാതളനാരങ്ങ. മാതളനാരങ്ങ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
മുന്തിരി: രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്സിഡന്റ് ധാരളമടങ്ങിയിട്ടുണ്ട് മുന്തിരിയില്‍. ശരീരത്തില്‍ അമിതമായി ഫാറ്റ് അടിയുന്നത് തടയാന്‍ മുന്തിരി ഏറെ ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്.
തക്കാളി: ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട് തക്കാളിയില്‍. ഫൈറ്റോന്യൂട്രിയന്റും തക്കാളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ തക്കാളി അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇതുമാത്രമല്ല, ഹൃദയസംരക്ഷണത്തിനും തക്കാളി അത്യുത്തമമാണ്. ദിവസേന തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.
ബ്ലൂബെറി: ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ബ്ലൂബറി ഉത്തമമാണ്.
Story highlights: Best Fruits for Weight Loss