കരിപ്പൂർ വിമാനാപകടം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗികൾക്ക് അടിയന്തിരമായി രക്തം ആവശ്യമുണ്ട്
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം സംഭവിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ട്. ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് രക്തം ആവശ്യമുള്ളത്. എബി പോസിറ്റീവ്, ഓ നെഗറ്റീവ്, ഓ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ് അടിയന്തിരമായി ആവശ്യമുള്ളത്. അപകടത്തിൽ 14 പേർ മരിച്ചു എന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ന് രാത്രി 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടെതെന്നാണ് പ്രാഥമിക നിഗമനം. ലാൻഡ് ചെയ്തതിന് ശേഷം റൺവേയിലൂടെ ഓടിയ വിമാനം അതിനപ്പുറമുള്ള ക്രോസ്സ് റോഡിലേക്ക് കടന്ന് മുൻഭാഗം കൂപ്പുകുത്തുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയാണ്. വിമാനം അതിവേഗതയിലാണ് സഞ്ചരിച്ചതെന്നാണ് ലഭ്യമായ വിവരം. കനത്ത മഴയെ തുടർന്ന് തെന്നിമാറിയതാകാനും സാധ്യതയുണ്ട്.
Story Highlights: blood-required-in-baby-memorial-hospital