വന്യമൃഗങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ഒരു അറ്റകൈ പ്രയോഗം; രക്ഷയായി മൂന്നാം കണ്ണ്

August 21, 2020

വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഗ്രാമങ്ങളിലെ വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും മൃഗങ്ങളെ രക്ഷിക്കാൻ നിരവധി മാർഗങ്ങളാണ് ഗ്രാമവാസികൾ പ്രയോഗിക്കുന്നത്. അത്തരത്തിൽ ആഫ്രിക്കയില്‍ കന്നുകാലികളുടെ നേരെയുള്ള സിംഹങ്ങളുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബോട്സ്വാനയിൽ പ്രയോഗിച്ച ഒരു മാർഗങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധനേടുന്നത്.

കന്നുകാലികളുടെ ശരീരത്തിലെ പെയിന്‍റിങ്ങുകളിലൂടെയാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും വളർത്ത് മൃഗങ്ങളെ ഇവർ രക്ഷിക്കുന്നത്. കന്നുകാലികളുടെ ശരീരത്തിന്റെ പിൻഭാഗത്തായി വരച്ച് വയ്ക്കുന്ന കണ്ണുകൾ കാണുന്ന സിംഹങ്ങൾ ഇത് കണ്ട് ഇവയെ ആക്രമിക്കാതെ കടന്നുപോകുന്നു. കന്നുകാലികളെ ഉപദ്രവിക്കാൻ എത്തുന്ന സിംഹങ്ങളും മറ്റും പൊതുവെ ഒളിഞ്ഞിരുന്നാണ് ഈ മൃഗങ്ങളെ ഉപദ്രവിക്കുന്നത്. എന്നാൽ ഈ ഭാഗത്ത് മനുഷ്യ സാന്നിധ്യം കണ്ടാൽ ഇവയെ മൃഗങ്ങളെ ഉപദ്രവിക്കാറില്ല.

അതുകൊണ്ടുതന്നെ കന്നുകാലികളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള കണ്ണുകൾ വരച്ചതിലൂടെ കന്നുകാലികൾ തങ്ങളെ ശ്രദ്ധിക്കുന്നതായോ, അല്ലെങ്കിൽ മറ്റാരുടെയോ സാന്നിധ്യം അവിടെ ഉള്ളതായോ വന്യമൃഗങ്ങൾ സംശയിക്കുന്നു. ഇതോടെ മൃഗങ്ങളെ ഉപദ്രവിക്കാതെ വന്യമൃഗങ്ങൾ പിന്തിരിഞ്ഞ് പോകും. ഇതുവരെയുള്ള ഈ ശ്രമം വിജയിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്.

ഇതോടെ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കാൻ വരുന്ന വന്യമൃഗങ്ങളെ നാട്ടുകാർ കൊല്ലുന്നതും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ തേനീച്ചകളുടെ ശബ്ദം ഉപയോഗിച്ച് ആനകളെ അകറ്റി നിർത്തുന്നത് പോലുള്ള മാര്‍ഗങ്ങളും ഇവിടെ പ്രയോഗിക്കുന്നുണ്ട്.

Story Highlights: cattle with eyes painted on their back