‘കുരുടി’ മുതല്‍ ‘അനുഗ്രഹീതന്‍ ആന്‍റണി’ വരെ; സണ്ണി വെയ്ന് വേറിട്ട പിറന്നാള്‍ ആശംസയുമായി ചതുര്‍മുഖം ടീം
മനോഹരമായ അഭിനയംകൊണ്ട് വെണ്ണിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ന്‍. പിറന്നാള്‍ നിറവിലാണ് താരം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.
സണ്ണി വെയ്‌ന് വ്യത്യസ്തമായ ഒരു പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചതുര്‍മുഖം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന്. സെക്കന്‍ഡ് ഷോയിലെ കുരുടി മുതല്‍ അനുഗ്രഹീതന്‍ ആന്റണിയിലെ ആന്റണി എന്ന കഥാത്രത്തെ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പിറന്നാള്‍ ആശംസാ വീഡിയോയില്‍.
അതേസമയം ചതുര്‍മുഖം എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായികാ കഥാപാത്രമായെത്തുന്നത്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഹൊറര്‍ ത്രില്ലറാണ് ചതുര്‍മുഖം എന്നാണ് സൂചന. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Story highlights: Chathurmugham movie team wishes sunny wayne happy birthday