അഭിമാനമാണ് പായല്‍ കുമാരി; മിടുക്കിയ്ക്ക് സ്‌നേഹസമ്മാനവുമായി കളക്ടര്‍
പായല്‍ കുമാരി എന്നത് വെറുമൊരു പേരല്ല. അഭിമാനമാണ്. എം ജി സര്‍വകലാശാല ബി എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയാണ് ബീഹാര്‍ സ്വദേശിനിയായ പായല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. നിരവധി പേര്‍ ഈ മിടുക്കിയെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. സിവില്‍ സര്‍വീസ് സ്വന്തമാക്കണമെന്നാണ് പായലിന്റെ സ്വപ്നം. ആ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. പായലിന് കളക്ടര്‍ ഒരു ലാപ് ടോപ്പും സമ്മാനിച്ചു. പായലിന്റെ സ്വപ്‌നങ്ങള്‍ സഫലമാകട്ടെ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കളക്ടര്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അഭിമാനമാണ് പായല്‍ കുമാരി
ഇനിയും വിജയം വരിക്കാന്‍ ആശംസകള്‍
എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ
ബീഹാറില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലെത്തിയ പ്രമോദ്കുമാറിന്റെയും ബിന്ദുദേവിയുടെയും മകളായ പായലിനാണ് ഇത്തവണ മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ബി. എ ആര്‍ക്കിയോളജി വിഭാഗത്തില്‍ ഒന്നാം റാങ്ക്.
എന്റെ ക്ഷണം സ്വീകരിച്ച് കളക്ടറേറ്റിലെത്തിയ ഈ മിടുക്കിക്ക് പ്രോത്സാഹനമായി ഒരു ലാപ്‌ടോപ് സമ്മാനിച്ചു. തുടര്‍ പഠനത്തിന് ഇത് ഉപകരിക്കട്ടെ….
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമാണെന്ന ഓര്‍മപ്പെടുത്തല്‍ ആണ് പായല്‍ നല്‍കുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് തടുക്കാന്‍ കഴിയില്ല വിദ്യ കൊണ്ടുള്ള വിജയം എന്ന് തെളിയിക്കുന്നതാണ് ഈ ഒന്നാം റാങ്ക്.
സിവില്‍ സര്‍വീസിലെത്തണമെന്നാണ് പായലിന്റെ ആഗ്രഹം. കേന്ദ്ര സര്‍വകലാശാലകളിലും കേരള സര്‍വകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍.
അച്ഛന്‍ പ്രമോദ് കുമാര്‍ ബീഹാറിലെ ഗ്രാമം വിട്ടുപോകുമ്പോള്‍ പായലിനു നാല് വയസ്സായിരുന്നു പ്രായം. ഭാര്യ ബിന്ദു ദേവി, മകന്‍ ആകാശ് കുമാര്‍, പെണ്‍മക്കളായ പായല്‍ കുമാരി, പല്ലവി കുമാരി എന്നിവരുമൊത്ത് പിന്നീട് അദ്ദേഹം എറണാകുളത്തെത്തി. ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസൈമാദി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കി ഒരു വാടക വീട്ടില്‍ താമസിക്കുന്നു.
ഇടപ്പള്ളിയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 85 ശതമാനം മാര്‍ക്കോടെ പ്ലസ് ടു 95 ശതമാനം വാങ്ങിയാണ് പത്താം ക്ലാസ് പാസ്സായത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളെജിലായിരുന്നു ബിരുദ പഠനം.
Story highlights: Collector Suhas gifted laptop to Payal