കൊവിഡ് കാലത്ത് കുട്ടികളുടെ സുരക്ഷക്ക് ഉത്തമം മാസ്കോ ഷീൽഡോ? അറിയാം
കുട്ടികളിൽ രോഗം ബാധിക്കുന്നത് കുറവാണെങ്കിലും രോഗം വരാനുള്ള സാധ്യത വലുതാണ്. കാരണം മുതിർന്നവരെ അപേക്ഷിച്ച് പ്രതിരോധ ശേഷി വളരെ കുറവാണ് കുട്ടികളിൽ. കൊവിഡിനോട് ഇണങ്ങി ജീവിക്കേണ്ട സാഹചര്യം മുന്നിലുള്ളപ്പോൾ അധിക കാലം കുട്ടികളെ സുരക്ഷിതമായി വീടുകളിൽ തന്നെ ഇരുത്താൻ സാധിക്കില്ല. സ്കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ മാതാപിതാക്കളിൽ ഏറ്റവും പ്രധാനമായി ഉയരാനിടയുള്ള സംശയമാണ് കുട്ടികളുടെ സുരക്ഷയ്ക്ക് ഏത് മുഖാവരണമാണ് നല്ലത് എന്നത്.
ഫേസ് മാസ്ക് മൂക്കിനും വായക്കുമാണ് സംരക്ഷണം നൽകുന്നത്. എന്നാൽ ഫേസ് ഷീൽഡാകട്ടെ മുഖത്തിന് പൂർണമായും സംരക്ഷണം നൽകുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷക്ക് ഫേസ് ഷീൽഡ് ആണ് ഉത്തമം. വിദേശ രാജ്യങ്ങളിലൊക്കെ കൊവിഡ് കാല വിദ്യാഭ്യാസം പുനരാരംഭിച്ചിരിക്കുന്നു. സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾ എല്ലാവരും ഫേസ് ഷീൽഡുകളാണ് ഉപയോഗിക്കുന്നത്.
മാസ്ക് ധരിച്ചതിന് ശേഷമാണ് ഫേസ് ഷീൽഡ് ഉപയോഗിക്കേണ്ടത്. ഇനി മാസ്ക് ധരിക്കാതെയാണെങ്കിൽ ഷീൽഡിന്റെ വശങ്ങൾ വലിച്ച് കെട്ടണമെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾ മുഖത്ത് സ്പർശിക്കുന്നത് തടയാൻ നല്ല മാർഗം ഫേസ് ഷീൽഡ് തന്നെയാണ്. അതുകൊണ്ടു തന്നെ രോഗവാഹിയായ ഒരാളിൽ നിന്നും പടരാനുള്ള യാതൊരു സാധ്യതയുമുണ്ടാകില്ല. എന്നാൽ നവജാത ശിശുക്കൾക്കോ, തീരെ ചെറിയ കുട്ടികൾക്കോ ഫേസ് ഷീൽഡ് വേണമെന്ന് നിർദേശമില്ല.