സി ഐ ഡി മൂസ v/s പ്രൊഫസർ- മലയാളവും ‘മണി ഹൈസ്റ്റും’ കോർത്തിണക്കി അമ്പരപ്പിച്ച് ആര്യ ദയാൽ

August 10, 2020

കേരളം ഏറ്റെടുത്ത ‘സഖാവ്’ എന്ന കവിതയിലൂടെ ശ്രദ്ധേയയായ ഗായികയാണ് ആര്യ ദയാൽ. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും താരമായ ആര്യയെ തേടി ദേശീയതലത്തിൽ നിന്നും അഭിനന്ദനങ്ങൾ എത്തിയിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് ആര്യയുടെ പാട്ട് അഭിനന്ദനങ്ങളോടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ മറ്റൊരു ഗാനവുമായി വീണ്ടും ശ്രദ്ധനേടുകയാണ് ആര്യ.

സി ഐ ഡി മൂസ v/ s പ്രൊഫസർ എന്ന പേരിലാണ് യുട്യൂബിൽ പുതിയ ആലാപന ശൈലി ആര്യ പങ്കുവെച്ചായിരിക്കുന്നത്. സി ഐ ഡി മൂസയിലെ പിന്നണി ഗാനവും മാണി ഹൈസ്റ്റ് എന്ന പ്രസിദ്ധ വെബ് സീരിസിലെ ഗാനവും ചേർത്താണ് പുതിയ ഫ്യൂഷൻ ആര്യ ഒരുക്കിയിരിക്കുന്നത്.

നിരവധി ആളുകൾ ഇതിനോടകം ആര്യയുടെ വീഡിയോ പങ്കുവെച്ചുകഴിഞ്ഞു. മുൻപ്, കഥകളിപ്പദവും പോപ്പ് സംഗീതവും കൂട്ടിച്ചേർത്ത് ആര്യ അവതരിപ്പിച്ച ശൈലി ശ്രദ്ധേയമായതോടെയാണ് വീണ്ടും സമൂഹമാധ്യമങ്ങൾ അനുഗ്രഹീത ഗായികയെ ഏറ്റെടുത്തത്.

ഒട്ടേറെ പ്രമുഖർ ആര്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ‘ഇതാരാണെന്നു എനിക്കറിയില്ല, പക്ഷെ ഒരു കാര്യം പറയാൻ സാധിക്കും. നിനക്ക് വളരെ പ്രത്യേകതയുള്ള ഒരു കഴിവുണ്ട് പെൺകുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. ഇത്തരം നല്ല സൃഷ്ടികൾ ഇനിയും തുടരുക. എന്റെ ആശുപത്രിവാസം കൂടുതൽ പ്രകാശപൂരിതമാക്കി നിന്റെ സംഗീതം’ എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്.

Read More: ‘പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്’- ഹൃദയം തൊട്ട കുറിപ്പുമായി മമ്മൂട്ടി

കണ്ണൂർ നാടാൽ സ്വദേശിനിയാണ് ആര്യ. ബാംഗ്ലൂരിൽ സ്റ്റാറ്റിസ്റ്റിക്സിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ആര്യ, ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വൈറലാകുന്നത്. കർണാടക സംഗീതം മാത്രം ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആര്യ, ഏത് ശൈലിയും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഗായികയാണ്.

Story highlights-fusion song by arya dayal