വാതിക്കല് വെള്ളരിപ്രാവായി കുമ്പളങ്ങിയിലെ സിമി; ഗ്രേസ് ആന്റണിയുടെ നൃത്താവിഷ്‌കാരം ശ്രദ്ധേയമാകുന്നു

August 28, 2020
Grace Antony Vathukkal Vellariprvu song dance

‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’… ഈ ഒരൊറ്റ ഡയലോഗ് മതി ഗ്രേസ് ആന്റണിയെ മലയാളികള്‍ക്ക് ഓര്‍മിക്കുവാന്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമി എന്ന കഥാപാത്രം അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സിമി മോളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഗ്രേസ് ആന്റണിയുടെ നൃത്തം.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആസ്വാദകമനം കവര്‍ന്ന വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിനാണ് താരത്തിന്റെ ഡാന്‍സ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം. പാട്ട് ഹിറ്റായതോടെ ‘വെള്ളരിപ്രാവുകളായി’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞവരും നിരവധിയാണ്.

Read more: പാട്ടിലൂടെ മനം കവര്‍ന്നു; ‘മണിയറയിലെ അശോകനെ’ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകരും

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്. എം ജയചന്ദ്രന്‍ മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ഗ്രേസ് ആന്റണിയുടെ നൃത്താവിഷ്‌കാരത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ഗ്രേസ് ആന്റണി എത്തിയതെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. മധു സി നാരായണ്‍ സംവിധാനം നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് ഗ്രേസ് ആന്റണി എത്തിയത്. താരത്തെ പ്രേക്ഷക മനസ്സുകളില്‍ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഗ്രേസ് ആന്റണിയുടേതായി ‘ഹലാല്‍ ലവ് സേറ്റോറി’ അടക്കമുള്ള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Grace Antony Vathikkalu Vellariprvu song dance

🕊

Posted by Grace Antony on Thursday, 27 August 2020