സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ റെഡ് അലേർട്ട്

August 8, 2020
Kerala Weather Report

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കനത്ത മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുൻ കരുതൽ നിർദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളെ ഇന്ന് തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം മൂന്നാൽ പെട്ടിമുടിയിൽ ഇന്നലെ കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 50ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി.

Story Highlights: Heavy Rain Alert Kerala