74-ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം; പകിട്ട് കുറയാതെ ആളു കുറഞ്ഞ് ചെങ്കോട്ടയില്‍ ആഘോഷം
രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷം. ആഘോഷത്തിന്റെ പകിട്ട് കുറയില്ലെങ്കിലും അതിഥികളുടെ എണ്ണത്തില്‍ കുറവുണ്ട്.
കേന്ദ്ര മന്ത്രിമാര്‍, ജഡ്ജിമാര്‍, ഉന്നത ഉദ്യേഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം നാലായിരത്തോളം പേര്‍ക്കാണ് ചെങ്കോട്ടയില്‍ പ്രവേശനം. ഈ വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കില്ല ആഘോഷത്തില്‍. എന്നാല്‍ എന്‍ സി സി കേഡറ്റുകള്‍ക്ക് പ്രത്യേക അനുവാദം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ഇരിപ്പിടങ്ങളും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സായുധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി സ്വീകരിച്ചു. തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് അദ്ദേഹം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.
Story highlights: Independence day celebration 2020