‘പച്ചയായ മനുഷ്യന്റെ, കലാകാരന്റെ നന്മയുള്ള മനസ്സ്’; സച്ചിയെക്കുറിച്ച് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്
മരണം കവര്‍ന്ന സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും മുക്തരായിട്ടില്ല ചലച്ചിത്രലോകം. അയ്യപ്പനും കോശിയും എന്ന ചിത്രമായിരുന്നു സച്ചിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ദൈവമകളേ എന്ന ഗാനത്തിന്‍റെ റെക്കേര്‍ഡിങ് പൂര്‍ത്തിയാക്കിയിട്ട് ഒരുവര്‍ഷം തികയുന്ന വേളയിലാണ് ജേക്‌സ് ഹൃദ്യമായ കുറിപ്പ് സച്ചിയെക്കുറിച്ച് പങ്കുവെച്ചത്.
‘ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടന്‍ കേട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.
ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളില്‍ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്.ആ മുഖം മായാതെ ഹൃദയത്തില്‍ ഉണ്ട്. ആ പച്ചയായ മനുഷ്യന്റെ, കലാകാരന്റെ, നന്മയുള്ള മനസ്സിന്റെ ഉടമയായ എന്റെ സച്ചിയേട്ടന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ ഈ ഗാനം സമര്‍പ്പിക്കുന്നു.’
സച്ചിക്കുള്ള ആദരവായി ഒരു വീഡിയോയും അയ്യപ്പനും കോശിയും ടീം ഈ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കി. സിനിമയുടെ ചിത്രീകരണ സമയത്തെ നിമിഷങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട് ഈ വീഡിയോയില്‍.
പൃഥ്വിരാജും ബിജുമേനോനുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Jakes Bejoy About Sachi