ഇത് മലയാളികളുടെ പുതിയ കണ്ണാംത്തുമ്പികൾ; ശ്രദ്ധനേടി കവർ സോങ്

കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനമാണ് ‘കണ്ണാം തുമ്പീ പോരാമോ..’.തലമുറകളായി മലയാളികൾ നെഞ്ചേറ്റിയ ഈ ഇഷ്ടഗാനത്തിന് ഒരുക്കിയ വ്യത്യസ്തമായ ഒരു കവർ വേർഷനാണ് ഇപ്പോൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നത്. രണ്ടു കൊച്ചു സുന്ദരികൾ പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന്റെ പുതിയ പതിപ്പിന് ഈണം ഒരുക്കിയതും മലയാളത്തിന്റെ സ്വന്തം ഔസേപ്പച്ചൻ ആണ്.
ഫ്രേയ, ആയ എന്നീ കുരുന്നുകൾ അഭിനയിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്. മമ്മൂട്ടിയുടെ സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനോടകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു. കുരുന്നുകളുടെ അഭിനയത്തിനും ആലാപനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനത്തിന് പുതിയ പതിപ്പ് ഒരുക്കിയതിന്റെ സന്തോഷവും അറിയിക്കുന്നുണ്ട് സംഗീത പ്രേമികൾ. പ്രമോദ് പപ്പൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കവർ പതിപ്പ് ദുബായിൽ വച്ചാണ് പൂർണമായും ഷൂട്ട് ചെയ്തത്. നാട്ടിൻ പുറത്തിന്റെ ഭംഗിയും സ്നേഹവും പറഞ്ഞ ഈ ഗാനം ദുബായിൽ വളരെ മനോഹരമായി ചിത്രീകരിച്ചതിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
1988 ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിലെ ഗാനമാണിത്. കമൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രേവതി, അംബിക എന്നിവരാണ്. ചിത്രത്തിൽ ഈ ഗാനം ആലപിച്ചത് കെ എസ് ചിത്രയാണ്. വരികൾ തയാറാക്കിയത് ബിച്ചു തിരുമല.
Story Highlights: kannam-thumbi-song-cover-version