സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

August 6, 2020

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുബവാനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നു നിർദേശമുണ്ട്.

അതേസമയം, കേരളത്തിൽ ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.

Read More: തോളത്തിരുന്ന് മുത്തം നൽകി സ്നേഹിക്കുന്ന ചാക്കോച്ചന്റെ ഗുഡ് ബോയ് അപ്പു- പുതിയ അതിഥിയെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.

Story highlights- kerala rain forecast