സമാധാനപരമായ കുടുംബജീവിതത്തിന് ഒരു രസികന്‍ ടിപ്പ് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

August 6, 2020
Kunchacko Boban posts family photo with funny caption

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രയതാരം കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മകന്‍ ഇഹാക്കിന്റെ വിശേഷങ്ങളും ഭാര്യ പ്രിയയുടെ വിശേഷങ്ങളുമെല്ലാം താരം സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നു.

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പും. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ഒരു സെല്‍ഫി ചിത്രമാണ് ഇത്. ‘നിങ്ങള്‍ വരയ്ക്കുന്ന വരയ്്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ’ എന്ന രസകരമായ അടിക്കുറിപ്പാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സമാധാനപരമായ കുടുംബജീവിതത്തിന് പാലിക്കേണ്ട നിയമമാണ് ഇതെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം.

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

The Age Old Golden Rule for,🤗a Peaceful MARRIED LIFE🤵🏻👰🏻!!“THE WIFE SHALT NEVER CROSS THE LINE THAT YOU DRAW”🧜🏼‍♂️(But make sure you draw it where she points to😏)

Posted by Kunchacko Boban on Thursday, 6 August 2020

Story highlights: Kunchacko Boban posts family photo with funny caption