അന്നും ഇന്നും ഒരുപോലെ സുന്ദരം ’32 വർഷങ്ങൾക്ക് മുൻപുള്ള ‘പൂമുഖ വാതിൽക്കൽ’; വീണ്ടും വൈറലായി എം ജയചന്ദ്രന്റെ ഗാനം, വീഡിയോ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് എം ജയചന്ദ്രൻ. ഇപ്പോഴിതാ താരത്തിന്റെ 32 വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാണ് ജയചന്ദ്രൻ ആലപിക്കുന്നത്. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ നടന്ന ഗാനമേളയിലാണ് അദ്ദേഹം ഈ ഗാനം ആലപിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പഴയ കാലത്തെ ജയചന്ദ്രനെ കാണാൻ കമലഹാസനെപ്പോലെയുണ്ടെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അന്നും ഇന്നും ശബ്ദം ഒരുപോലെ മധുരമുള്ളതാണെന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം 1988 ഡിസംബറിൽ ബന്ധുവായ സുജാത ചേച്ചിയുടെ കല്യാണ റിസപ്ഷനു വേണ്ടിയാണ് ഗാനമേള സംഘടിപ്പിച്ചതെന്നും മാസങ്ങൾക്കു മുൻപ് മലേഷ്യയിൽ പോയപ്പോൾ കിട്ടിയ കല്യാണ വിഡിയോ ടേപ്പിൽ നിന്നുമാണ് ഈ ഗാനം പകർത്തിയതെന്നും അദ്ദേഹം കുറിച്ചിരുന്നു. ഈ ഗാനത്തിനൊപ്പം ആലപിച്ച ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്ന ഗാനം നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പൂമുഖ വാതിൽക്കൽ എന്ന ഗാനത്തിന്റെ വീഡിയോ ജൂലൈ 31 നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗ സദസ്സിൽ’ എന്ന ചിത്രത്തിലെതാണ് ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന’ എന്ന ഗാനം. ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. എസ് രമേശൻ നായരുടെ വരികൾക്ക് സംഗീതം പകർന്നത് എം ജി രാധാകൃഷ്ണനാണ്.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ജയചന്ദ്രന്റെ ‘വാതിൽക്കല് വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് ജയചന്ദ്രനാണ്. നിത്യ മാമ്മൻ, അർജുൻ കൃഷ്ണൻ, സിയ ഉൽ ഹഖ് തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചത്.
Story Highlights : M Jayachandran old video