മഹേഷിന്റെ പ്രതികാരത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘മഹേഷിന്റെ പ്രതികാരം’. തിയേറ്ററുകളിലെത്തി ഏറെ നാള് പിന്നിട്ടിട്ടും മഹേഷും പ്രകാശിലെ ഭാവനാ സ്റ്റുഡിയോയും എല്ലാം ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിലകൊള്ളുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിലെ മൗനങ്ങള്‍ എന്ന ഗാനത്തിന് പകരമായി ആദ്യം ഒരുക്കിയ എതേതോ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ബിജിബാലാണ് ഗാനം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.
‘ഏതേതോ’ മഹേഷിന്റെ പ്രതികാരത്തില്‍ ‘മൗനങ്ങള്‍’ എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കില്‍ ചിത്രം റീമെയ്ക് ചെയ്തപ്പോള്‍ ഈ ഈണം ‘ആനന്ദം’ എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തില്‍ ഉപയോഗിക്കാനായില്ലെങ്കിലും ഈണത്തിന്റെ ചില അംശങ്ങള്‍ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തില്‍ കേട്ടുകാണും. മഹേഷില്‍ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തില്‍ ഈ ഈണം ഒരു ചരടാണ്. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികള്‍ ഇപ്പോള്‍ കേള്പിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകന് ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകന് ശ്രീ വെങ്കടേഷ് മഹായും ചേര്‍ന്ന് നാളെ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. കാണണം, കേള്‍ക്കണം.’ പാട്ടിനെക്കുറിച്ച് ഫേസ്ബുക്കില്‍ ബിജിബാല്‍ കുറിച്ചതാണ് ഇങ്ങനെ.
Read more: ഹായ്, ഹലോ പിന്നെ ഒരു ചുമയും; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ഒരു കാക്ക
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസിലിനൊപ്പം സൗബിന് ഷാഹിര്‍, അലന്‍സിയര്‍, കെ എല്‍ ആന്റണി, അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരവും ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രമാണ് നേടിയത്.
Story highlights: Maheshinte Prathikaram song latest