‘പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്’- ഹൃദയം തൊട്ട കുറിപ്പുമായി മമ്മൂട്ടി
വളരെ ദുഃഖകരമായ ഒരു കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കേരളത്തിൽ ആ ദുരിതകാലം കൊവിഡിനൊപ്പം അപകടങ്ങളായും പ്രകൃതി ദുരന്തങ്ങളായുമെല്ലാം ഭവിക്കുകയാണ്. ഒരേദിനം പെട്ടിമുടിയിലും കരിപ്പൂരിലുമായി വിഭിന്നമായ രണ്ട് ദുരന്തങ്ങളാണ് കേരളം അഭിമുഖീകരിച്ചത്. എന്നിട്ടും തളരാത്ത ആത്മധൈര്യത്തോടെ, കൊവിഡ് ഭീതി മാറ്റിവെച്ച് നൂറുകണക്കിനാളുകളാണ് രണ്ടിടങ്ങളിലുമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ഈ അവസരത്തിൽ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നുവെന്ന് ഹൃദയഹാരിയായ കുറിപ്പിലൂടെ പങ്കുവെക്കുകയാണ് നടൻ മമ്മൂട്ടി.
മമ്മൂട്ടിയുടെ വാക്കുകൾ;
നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നിൽക്കയാണ്.
നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.
പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ.നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പെട്ടിമുടി ലായത്തിന്റെ രണ്ടു കിലോമീറ്റർ അകലെയുള്ള മലയിലുണ്ടായ ഉരുൾ പൊട്ടലാണ് നാശം വിതച്ചത്. അഞ്ചു ലായങ്ങളാണ് അപകടത്തിൽ പെട്ടത്. 84 പേരാണ് ഇവിടെയുള്ള ലയങ്ങളിൽ ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ടാറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.
Story highlights- Mammootty about pettimudi and karipur incidents