മാസ്‌ക് നാനും കൊറോണ കറിയും; ഒരു ഇന്ത്യൻ സ്റ്റൈൽ ബോധവത്കരണം

August 2, 2020

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പാട്ടിലൂടെയും, നൃത്തത്തിലൂടെയുമെല്ലാം ബോധവത്കരണങ്ങൾ നടന്നു. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു മാർഗമാണ് ഡൽഹിയിലെ ഒരു റസ്റ്റോറന്റ്റ് സ്വീകരിച്ചിരിക്കുന്നത്. വേദിക് എന്ന വെജിറ്റേറിയൻ ഹോട്ടലിൽ കൊവിഡ് കാലത്തെ ഏറ്റവും വലിയ ആകർഷണമാണ് മാസ്‌ക് നാനും കൊറോണ കറിയും.

കേൾക്കുമ്പോൾ രസകരമെന്ന് തോന്നാമെങ്കിലും ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്കരണത്തിനായി പ്രത്യേകം തയ്യാറാക്കിയതാണെന്നാണ് റസ്റ്റോറന്റിന്റെ ഔദ്യോഗിക പേജ് വ്യക്തമാക്കുന്നത്. ഫേസ് മാസ്‌കിന്റെ രൂപത്തിലാണ് നാൻ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ സർജിക്കൽ മാസ്ക് പോലെ മൂന്നു ലെയർ മാസ്‌ക് നാനിലുമുണ്ട്. കൊറോണ വൈറസിന്റെ ആകൃതിയിലാണ് കറി തയ്യാറാക്കിയിരിക്കുന്നത്.

Read More:‘എടാ, എന്ന് വിളിച്ചാൽ എന്താടാ എന്ന് തിരിച്ചുചോദിക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ’- സൗഹൃദ ദിനം ആശംസിച്ച് മോഹൻലാൽ

ലോകത്ത് ആദ്യമായി ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയതിൽ അഭിമാനിക്കുന്നുവെന്നും മാസ്‌ക് നാനിനും കൊറോണ കറിക്കുമൊപ്പം കൊവിഡിനോടുള്ള ഭയം മറികടക്കണമെന്നും ട്വിറ്ററിൽ വിഭവത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. നിരവധി ആളുകൾ ട്വിറ്ററിൽ ഈ പ്രത്യേക വിഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യൻ വിഭവമാണെങ്കിലും ലോകപ്രസിദ്ധി നേടിയിരിക്കുകയാണ് മാസ്‌ക് നാനും കൊറോണ കറിയും.

Story highlights-mask naan and corona curry served in restaurant