20 വയസിൽ നാല് ലോക റെക്കോർഡും, അൻപതോളം ലിംക റെക്കോർഡുകളും; അഭിമാനമായി ഇന്ത്യയുടെ ‘വേഗതയേറിയ മനുഷ്യ കാൽക്കുലേറ്റർ’
20 വയസ്സിനുള്ളിൽ നീലകണ്‌ഠ ഭാനു പ്രകാശ് എന്ന ഹൈദരാബാദ് സ്വദേശി കരസ്ഥമാക്കിയത് ചെറിയ അംഗീകാരങ്ങളല്ല. നാല് ലോക റെക്കോർഡും അൻപത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സുമാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. കണക്കിലെ അസാമാന്യ പാടവമാണ് നീലകണ്‌ഠ ഭാനു പ്രകാശിനെ റെക്കോർഡുകളുടെ കൊടുമുടിയിലെത്തിച്ചത്. മത്സരാർത്ഥികളെ മാത്രമല്ല, വിധികർത്താക്കളെ പോലും ബഹുദൂരം പിന്നിലാക്കിയാണ് നീലകണ്‌ഠ ഭാനു റെക്കോർഡുകൾ സൃഷ്ടിച്ചത്.
ലണ്ടനിൽ നടന്ന മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിന്റെ ‘ മെന്റൽ കാൽകുലേഷൻ ലോക ചാമ്പ്യൻഷിപ്പിൽ 13 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 29 മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഇന്ത്യക്ക് വേണ്ടി നീലകണ്‌ഠ ഭാനു പ്രകാശ് സ്വർണം നേടിയത്. ‘വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ’ എന്നാണ് മത്സരത്തിന് ശേഷം നീലകണ്‌ഠ ഭാനു പ്രകാശിനെ വിധികർത്താക്കൾ വിശേഷിപ്പിച്ചത്.
വിർച്വലായി നടന്ന മത്സരത്തിൽ ഇറ്റലി, ജർമനി, ലെബനൻ, യു എ ഇ, ഗ്രീസ് എന്നിവടങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ഉണ്ടായിരുന്നു. വിധികർത്താക്കളുടെ ചോദ്യത്തിന് അതിവേഗം ഉത്തരം പറയണം എന്നായിരുന്നു നിർദേശം. മത്സരാർത്ഥികളെ പിന്തള്ളി ഉത്തരം പറഞ്ഞ നീലകണ്‌ഠ ഭാനുവിനോട് വിധികർത്താക്കളും പരാജയം സമ്മതിച്ചു. കാരണം, നീലകണ്‌ഠ ഭാനു ഉത്തരം പറഞ്ഞതിന് ശേഷവും സമയമെടുത്താണ് വിധികർത്താക്കൾ ഉത്തരത്തിലേക്ക് എത്തിയത്. മത്സരത്തിൽ 65 പോയിന്റ്റ് മുന്നിലെത്തിയാണ് നീലകണ്‌ഠ ഭാനു പ്രകാശ് സ്വർണം നേടിയത്.
Read More: കൊവിഡ് കാലത്ത് കുട്ടികളുടെ സുരക്ഷക്ക് ഉത്തമം മാസ്‌കോ ഷീൽഡോ? അറിയാം
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ അവസാന വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിയാണ് ഇദ്ദേഹം. കണക്കിലെ വേഗതയുടെ പേരിലാണ് നാല് ലോക റെക്കോർഡും അൻപത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സും നീലകണ്‌ഠ ഭാനു സ്വന്തമാക്കിയത്. രാജ്യത്തെ കുട്ടികൾക്ക് അടിസ്ഥാന ഗണിതം പറഞ്ഞു കൊടുക്കുന്നതിനായി മാത്‍സ് ലാബുകൾ തുടങ്ങാനാണ് ആഗ്രഹമെന്നും നീലകണ്‌ഠ ഭാനു പ്രകാശ് പറയുന്നു.