അഭിമാനമാണ് ഈ പാലക്കാട്ടുകാരി; ലഫ്റ്റനന്റ് വിസ്മയയ്ക്ക് ആശംസകളുമായി മോഹൻലാൽ
കേരളക്കരയ്ക്ക് മുഴുവൻ അഭിമാനമായി പാലക്കാട്ടുകാരി വിസ്മയ. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് ഓഫീസറായി ചുമതലയേറ്റിരിക്കുകയാണ് പാലക്കാട് ജില്ലയിലെ കോട്ടപ്പുറം, കരിമ്പുഴ സ്വദേശി പൊറ്റവീട്ടിൽ ഗോവിന്ദ കുമാർ- മായ ദമ്പതികളുടെ മകൾ വിസ്മയ. ഡാർജിലിങ് ബൾദോഗ്രാം ബേസ് ആശുപത്രിയിൽ നഴ്‌സിങ് ഓഫീസറായാണ് വിസ്മയ സ്ഥാനമേറ്റത്. ഇപ്പോഴിതാ കേരളത്തിന് മുഴുവൻ അഭിമാനമായ വിസ്മയയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ് ചലച്ചിത്രതാരം ലഫ്റ്റനന്റ് കേണൽ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് വിസ്‌മയയ്ക്ക് അഭനന്ദനവുമായി മനോഹൻലാൽ എത്തിയത്.
ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് ഓഫീസറായി ചുമതലയേൽക്കുന്ന വിസ്മയ വർഷങ്ങളായുള്ള തന്റെ ആഗ്രഹങ്ങളാണ് നേടിയെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ കഠിനപരിശ്രമവും ആത്മവിശ്വാസവുമാണ് വിസ്മയയെ ഈ വിജയത്തിൽ എത്തിച്ചത്. എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്നതാണ് വിസ്മയയെപ്പോലുള്ളവരുടെ ജീവിതം. വിസ്മയ്ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും, വിസ്മയ നിരവധി പെൺകുട്ടികൾക്ക് മാതൃകയായി എന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Read also: ‘പള്ളിവാള് ഭദ്രവട്ടകം’ മലയാളം പാട്ടിനൊപ്പം വർക്ക് ഔട്ട് ചെയ്ത് ജഡേജ, വൈറൽ വീഡിയോ
ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ എൻസിസി അണ്ടർ ഓഫീസറായിരുന്ന വിസ്‌മയ്ക്ക് അന്ന് മുതലുള്ള ആഗ്രഹമാണ് ആർമിയിൽ ചേരണം എന്നുള്ളത്. പ്ലസ്‌ടുവിന് പഠിക്കുമ്പോൾ വാഗാ അതിർത്തിയിലേക്ക് പട്ടാളക്കാരോടൊപ്പം നടത്തിയ യാത്രയാണ് വിസ്മയുടെ ജീവിതത്തിൽ അങ്ങനെ ഒരു ആഗ്രഹത്തിന്റെ കനൽ കോരിയിട്ടത്. പ്ലസ്‌ടുവിന് ശേഷം 2013 ൽ വിസ്‌മയ മിലിട്ടറി നഴ്സിങ്ങിന് അപേക്ഷ നൽകി, 2015 ലാണ് ഈ പരീക്ഷ പാസായത്. നാലു വർഷത്തെ നഴ്സിങ് പഠനത്തിന് ശേഷം കരസേനാ പരിശീലനവും നടത്തി. ഇപ്പോഴിതാ കേരളക്കരയ്ക്ക് മുഴുവൻ അഭിമാനമായി ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് ഓഫീസറായി ചുമതലയേറ്റിരിക്കുകയാണ് വിസ്‌മയ.
Story Highlights: Mohanlal congratulates Vismaya