‘താളം പോയി തപ്പും പോയി..’ സച്ചിയ്ക്ക് സംഗീതത്തിലൂടെ ആദരമറിയിച്ച് ഗായിക അശ്വതി നിതിൽ

2020 ലെ നീറുന്ന ഓർമ്മകളിൽ ഒന്നായി സച്ചി എന്ന സംവിധായകന്റെ അപ്രതീക്ഷിത മരണവും. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സച്ചിയ്ക്ക് സംഗീതത്തിലൂടെ ആദരമർപ്പിക്കുകയാണ് ഗായിക അശ്വതി നിതിൽ. സിനിമയോടൊപ്പം സംഗീതത്തേയും സ്നേഹിച്ചിരുന്ന സച്ചിയുടെ അവസാന ചിത്രം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘താളം പോയി തപ്പും പോയി’ എന്ന ഗാനമാണ് അശ്വതി സച്ചിയ്ക്കായി ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ പാട്ട് വീഡിയോ ഇതിനോടകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. സച്ചിയുടെ ചിത്രങ്ങൾക്കൊപ്പം നിരവധി സംഗീത വീഡിയോകളിലൂടെ ശ്രദ്ധേയയായ അശ്വതി നിതിലും വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയുടെ ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിതിൽ ബെസ്റ്റോയാണ്. മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് അബിഷായ് യോവാസ് ആണ്.
2020 ൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി ബിജു മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്. മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ കലാകാരന്റെ മരണം, അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിച്ചാണ് സച്ചി അന്തരിച്ചത്. കഴിഞ്ഞ ജൂൺ 18 നായിരുന്നു സച്ചി മരണത്തിന് കീഴടങ്ങിയത്.
2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നുസച്ചിയുടെ സിനിമ പ്രവേശനം. ചോക്ലേറ്റിൽ സേതുവിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി 2012ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രനായി. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്… അതായിരുന്നു സച്ചി.
Story Highlights: musical tribute for director Sachy