പല്ലി ശല്യം ഒഴിവാക്കാൻ ചില എളുപ്പമാർഗങ്ങൾ
ഇന്ന് മിക്കവീടുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലികളുടെയും പ്രാണികളുടെയും ശല്യം. ഇവയെ ഇല്ലാതാക്കാൻ നിരവധി കെമിക്കലുകളും വീടുകളിൽ വാങ്ങിക്കാറുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങിക്കുന്ന കെമിക്കലുകൾ വലിയ രീതിയിൽ വിഷാംശം അടങ്ങിയവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ കരുതലോടെ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു.
ചെറു പ്രാണികൾ, പാറ്റ, ഉറുമ്പ്, പല്ലി തുടങ്ങിയവയൊക്കെ നശിപ്പിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങൾ ഉണ്ട്. ഇതിൽ ഒന്നാണ് കുരുമുളക് സ്പ്രേ. പല്ലികൾ ഉള്ള ഭാഗങ്ങളിൽ ഇത് തളിച്ചാൽ മതി. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. കണ്ണിലും മറ്റും വീഴാതെ വേണം ഇത് തളിക്കാൻ. അല്പം കുരുമുളക് പൊടിച്ചെടുത്ത് അതിൽ വെള്ളം ചേർത്ത് വേണം ഇത് ഉപയോഗിക്കാൻ. എരിവ് തട്ടുമ്പോൾ പല്ലികൾ മയങ്ങി വീഴും. ഉടൻ തന്നെ ഇവയെ ഡസ്റ്റ് ബിന്നിലാക്കി പുറത്തേക്ക് കളയണം.
വെളുത്തുണ്ണി അല്പം വെള്ളം ചേർത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുത്ത് പല്ലിയോ പ്രാണികളോ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക. ഇത് പ്രാണികളെ ഒരു പരിധിവരെ ഇല്ലാതാക്കും. വിനാഗിരി, സവാള ചതച്ചത്, മല്ലിയില എന്നിവയും ഇതുപോലെ അരച്ചെടുത്ത് പ്രാണികൾ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്താൽ പ്രാണികൾ നശിക്കും. എന്നാൽ ഇവയെ ഉടൻ തന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം മയങ്ങി വീഴുന്ന പ്രാണികൾ വീണ്ടും വരാൻ സാധ്യതയുണ്ട്. പല്ലികള്‍ക്ക് അധികം ചൂടോ തണുപ്പോ താങ്ങാനാകില്ല. അതുകൊണ്ട് തന്നെ ഐസ് വാട്ടര്‍ ഇവയുടെ മേല്‍ ഒഴിച്ചാല്‍ പല്ലികൾ പിടഞ്ഞുവീഴും. അതിന് പുറമെ മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എളുപ്പമാര്‍ഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കാവുന്നതാണ്.
Story Highlights: Natural methods to remove lizards from home