മലകളും പുഴകളും കടൽത്തീരവുമൊക്കെ കണ്ടും കഴിച്ചും ആസ്വദിക്കാം; ട്രെൻഡായി ഐലന്റ് ജെല്ലി കേക്ക്
സന്തോഷവും ദുഃഖവും ഒക്കെ അതിരുകടക്കുമ്പോൾ കൂടുതൽ ആളുകളും എത്തുന്നത് കടൽത്തീരത്താണ്. മനോഹരങ്ങളായ അനുഭവങ്ങളാണ് ഓരോ തിരയും സമ്മാനിക്കുന്നത്. അതിന് പുറമെ മലകളും പുഴകളും ഒക്കെ കണ്ണിനും മനസിനും കുളിർമ്മയും സന്തോഷവും പകരുന്ന കാഴ്ചകളാണ്. എന്നാൽ കൊറോണ വൈറസും ലോക്ക്ഡൗണും ഒക്കെ വന്നതോടെ ആളുകൾ വലിയ വീർപ്പുമുട്ടിലാണ് ജീവിക്കുന്നത്. മുറികളിലും വീടുകളിലും ഒതുങ്ങിക്കൂടേണ്ട അവസ്ഥ.. പാർട്ടികളോ പാർക്കുകളോ സൗഹൃദ കൂട്ടായ്മകളോ എല്ലാം അകന്നതോടെ ഏകാന്തതയിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുകയാണ് മനുഷ്യൻ.
മലകളും പുഴകളും കടൽത്തീരവുമൊക്കെ കാണാനും ആസ്വദിക്കാനുമൊക്കെ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകുകയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഐലന്റ് ജെല്ലി കേക്കുകൾ. കണ്ട് ആസ്വദിക്കുന്നതിന് പുറമെ കഴിച്ചും ആസ്വദിക്കാം ഈ ഐലന്റ് ജെല്ലി കേക്കുകൾ. ലോക്ക്ഡൗൺ കാലത്ത് വ്യത്യസ്തമായ പരീക്ഷണങ്ങൾ തേടി പോയവരുടെ മുഴുവൻ ഇഷ്‌ട കാഴ്ചയായി മാറിയിരിക്കുകയാണ് ഈ ഐലന്റ് ജെല്ലി കേക്കുകൾ. യാത്രാപ്രേമികളായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതിൽ ഏറെ സന്തുഷ്‌ടരുമാണ് ഇതിന്റെ ബേക്കേഴ്‌സ്.
സോഷ്യൽ മീഡിയയിൽ ഹിറ്റായ ഈ കേക്കുകളിൽ യഥാര്‍ത്ഥത്തിലുള്ള കടല്‍ത്തീരവും ദ്വീപും പോലെ തോന്നത്തക്ക വിധത്തില്‍ സൂക്ഷമായ കാഴ്ചകൾ വരെ ഒപ്പിയെടുത്താണ് കേക്ക് നിർമ്മിച്ചിരിക്കുന്നത്. സിലിണ്ടര്‍ ആകൃതിയില്‍ നിര്‍മ്മിക്കുന്ന ഇത്തരം കേക്കുകളില്‍ ചോക്ലേറ്റ് കേക്ക് മിക്സും വനില ക്രീമും ഇതിന് പുറമെ ജെല്ലി മിക്‌സും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഒപ്പം ഫ്രൂട്ട്സ് നട്സും ഇട്ടതോടെ കേക്കുകൾ കൂടുതൽ മനോഹരമാകുന്നുണ്ട്. എന്തായാലും സോഷ്യൽ ലോകത്തും ട്രെൻഡിങ്ങിൽ ഇടം നേടുന്നുണ്ട് ഈ ഐലന്റ് ജെല്ലി കേക്കുകൾ.
Story Highlights: new island cake trend