ഒരേ ലൊക്കേഷനിൽ, ഒരേ ലുക്കിൽ- പൃഥ്വിരാജിന്റെയും ടൊവിനോയുടെയും പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

വെള്ളിത്തിരയിലും ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവിനോ തോമസും. പരസ്പരം ചിത്രങ്ങൾക്ക് നൽകുന്ന കമന്റുകളിലൂടെ ഈ സൗഹൃദം ആരാധകർക്കും സുപരിചിതമാണ്. ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിന് അതേ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ച് പിന്തുണയ്ക്കുകയാണ് ടൊവിനോ തോമസ്.
എക്സിക്യൂട്ടീവ് ലുക്കിൽ കണ്ണാടിക്ക് മുന്നിൽ നിന്നും പകർത്തിയ മിറർ സെൽഫിയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. പൊതു അവബോധ പരിപാടിക്കായുള്ള ഷൂട്ടിംഗിന് തയ്യാറെടുക്കുന്നതായി കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം സമാന രീതിയിലുള്ള ചിത്രം ടൊവിനോയും പങ്കുവെച്ചു. രണ്ടാളും എക്സിക്യൂട്ടീവ് ലുക്കിലാണ് അവബോധ പരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ ചേർന്നുള്ള ചിത്രം ശ്രദ്ധേയമായിരുന്നു.
അതേസമയം, പൃഥ്വിരാജ് പങ്കുവെച്ച വർക്ക് ഔട്ട് ചിത്രത്തിന് ടൊവിനോ നൽകിയ കമന്റും പൃഥ്വിരാജിന്റെ മറുപടിയും ശ്രദ്ധ നേടിയിരുന്നു. വർക്ക്ഔട്ടിൽ വിട്ടുവീഴ്ച ചെയ്യാത്ത ടൊവിനോ തോമസ് ‘അമ്പോ, പൊളി!’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് കമന്റ് ചെയ്തത്. വൈകാതെ തന്നെ വളരെ രസകരമായൊരു മറുപടിയുമായി പൃഥ്വിരാജും എത്തി. ‘ വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം..അപ്പനേം കൂട്ടിക്കോ’ എന്നാണ് പൃഥ്വിയുടെ മറുപടി.
പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും നിർണായക വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്.
Story highlights- new viral look of tovino thomas and prithviraj