മണിയറയിലെ അശോകന് വേണ്ടി സിദ് ശ്രീറാം പാടി; ശ്രദ്ധേയമായി ‘ഓള്’
ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗം ആസ്വാകഹൃദയങ്ങള് കീഴടക്കും. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍. മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനവും.
ചിത്രത്തിലെ ‘ഓള്’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഷംസു സൈബയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മികവാര്‍ന്ന ആലാപന ശൈലികൊണ്ട് സംഗീത പ്രേമികളുടെ മനം കവര്‍ന്ന സിദ് ശ്രീറാം ആണ് ആലാപനം. ഇതു തന്നെയാണ് ഈ ഗാനത്തിന്റെ പ്രധാന ആകര്‍ഷണവും.
ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ…’, ‘കണ്ണാന കണ്ണേ…’ ‘മധുപോലെ പെയ്ത മഴയില്‍…’, ‘പറയുവാന്‍ ഇതാദ്യമായി…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഗായകനാണ് സിദ് ശ്രീറാം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്ക്കുന്നു.
Read more: ‘ട്രാന്‍സിലെ ഫഹദന്റെ പ്രകടനം തിലകന് പഠിപ്പിച്ച ശൈലിയില്‍’ എന്ന് അന്‍വര്‍ റഷീദ്
ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്. അടുത്തിടെ മണിയറയിലെ അശോകന് വേണ്ടി ദുല്‍ഖര്‍ സല്മാന് ആലപിച്ച മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനവും മികച്ച സ്വീകാര്യത നേടിയിരുന്നു.
Story highlights: Olu Video Song Maniyarayile Ashokan