കുഞ്ഞു മാവേലിയുടെ കൈപിടിച്ച് വൈഷ്ണവ- കുസൃതിയും കുറുമ്പുമായി ഹൃദയം കവർന്ന് ഓണ ചിത്രങ്ങൾ

കൊവിഡ് പ്രതിസന്ധി ഓണത്തിന്റെ ആവേശത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ തീർത്തും കൈവിടാൻ മലയാളികൾ ഒരുക്കമല്ല. ഓണം വരവേൽക്കാൻ സമൂഹമാധ്യമങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മാവേലിയും, പുലികളിയുമെല്ലാം ഫോട്ടോഷൂട്ടുകളിൽ നിറയുകയാണ്. അതിനിടെ കാഴ്ചക്കാരുടെ മനം കവരുന്ന ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ശ്രീകൃഷ്ണ വേഷത്തിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ വൈഷ്ണവ, കുഞ്ഞുമാവേലിക്കൊപ്പമെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുറുമ്പും കുസൃതിയും നിറയുന്ന മനോഹര നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. ആഘോഷത്തോടെ നറുപുഞ്ചിരിയോടെ പെൺകുട്ടിയുടെ കൈപിടിച്ചെത്തുകയാണ് കുഞ്ഞു മാവേലി.
നല്ലൊരു ഓണപ്പുലരിക്കായുള്ള പ്രതീക്ഷയാണ് ചിത്രങ്ങളിൽ നിറയുന്നത്. ‘ഓണം തെളിഞ്ഞ പൊൻവെയിൽ പുലരിയിൽ കുഞ്ഞിമാവേലി വന്നെത്തി…. കന്യകയവളുടെ കൈപിടിച്ചങ്ങനെ കേരളമണ്ണിൽ നന്മയേകി’ എന്ന വരികൾക്കൊപ്പമാണ് മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിന്റെ തനത് കാഴ്ചയായ കായലും, പച്ചപ്പുമൊക്കെയാണ് ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലം. കസവ് വസ്ത്രത്തിൽ മാവേലിയെ വരവേൽക്കുന്ന പെൺകുട്ടിയായാണ് വൈഷ്ണവ എത്തുന്നത്. അനയ് പ്രമോദാണ് കുഞ്ഞു മാവേലിയുടെ വേഷത്തിൽ. എസ് ഡി ഫോട്ടോഗ്രാഫിക്ക് വേണ്ടി സിജു ദോസ് ആണ് ചിത്രങ്ങൾ പകർത്തിയത്.
Story highlights- onam special photography