അപ്സരകന്യകയും ഹൃദയവനിയിലെ ഗായികയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച ചുനക്കര രാമൻകുട്ടി ഓർമ്മയാകുമ്പോൾ

August 13, 2020

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ച പ്രശസ്ത കവിയാണ് ചുനക്കര രാമന്‍കുട്ടി. കാലയവനികയ്ക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ ആ വരികളിലൂടെ വിരിഞ്ഞ സംഗീതം മലയാളി മനസിൽ നിറഞ്ഞുനിൽക്കുന്നു.’അപ്സരകന്യക’ മുതൽ 75 സിനിമകളിലൂടെ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനാകുന്നത്.

നാടകങ്ങൾക്ക് പാട്ടെഴുതി തുടക്കം കുറിച്ച കവി 1978-ൽ ആശ്രമം എന്ന ചിത്രത്തിലെ ‘അപ്സരകന്യക’ എന്ന ഗാനത്തിലൂടെയാണ് സിനിമ മേഖലയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് നിരവധി ഗാനങ്ങൾക്ക് വരികൾ എഴുതിയ കവി, സംഗീത സംവിധായകൻ ശ്യാമിനൊപ്പമാണ് കൂടുതൽ പാട്ടുകളൊരുക്കിയത്. ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികൾ നെഞ്ചേറ്റിയ പാട്ടുകളാണ്.

മലയാള നാടകവേദി എന്ന പേരില്‍ സ്വന്തം നാടക സമിതി രൂപീകരിച്ച അദ്ദേഹം ആകാശവാണിയിലെ ലളിത ഗാനങ്ങളും അവതരിപ്പിച്ചിരുന്നു. 2004ൽ അഗ്നിസന്ധ്യ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ഗാനരചയിതാവിനുപരി ഗായകനായി അറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 84 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം.

Story Highlights: poet chunakkara raman kutty passes away

.