‘അങ്ങയെ പരിചയമുള്ളതിൽ അഭിമാനം’- പൈലറ്റ് ഡി. വി സാഥെയുടെ ഓർമ്മകളിൽ പൃഥ്വിരാജ്
കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട പൈലറ്റ് ഡി വി സാഥെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. വ്യക്തിപരമായി പരിചയമുള്ള വ്യക്തിയായിരുന്നുവെന്ന് പൃഥ്വിരാജ് അനുശോചനമറിയിച്ചുകൊണ്ട് കുറിക്കുന്നു. ‘റസ്റ്റ് ഇൻ പീസ്, വിങ് കമാൻഡർ(റിട്ട.)സാഥെ..താങ്കളെ വ്യക്തിപരമായി അറിയുമെന്നതിൽ അഭിമാനമുണ്ട്. നമ്മുടെ സംഭാഷണങ്ങൾ എന്നും ഓർമ്മയിലുണ്ടാകും, സർ.’ പൃഥ്വിരാജ് കുറിച്ചു.
എയർ ഇന്ത്യ പൈലറ്റ് ഡി. വി സാഥെയുടെ പ്രവർത്തന മികവും അവസരോചിതവുമായ നീക്കവും കൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റൺവേയുടെ അവസാനം വരെ ഓടിയശേഷം വിമാനം താഴേക്ക് പതിക്കുകയായിരുന്നു. പിന്നാലെ, രണ്ടായി പിളർന്നു. ടേബിൾ ടോപ് റൺവേയാണ് കരിപ്പൂരിലേത്.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിദഗ്ധരുടെ നിഗമനം. കനത്ത മഴ പൈലറ്റിന്റെ കാഴ്ച തടസപ്പെടുത്തിയതാകാം. പൈലറ്റ് ഡി. വി സാഥെ മുൻ വ്യോമസേനാംഗമാണ്. 22 വർഷത്തെ സേവന പരിചയമുള്ള ഡി. വി സാഥെ, യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂൺ 11നാണ് സേനാംഗമായത്.
എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു ഡി. വി സാഥെ. മികച്ച വൈമാനികൻ എന്നറിയപ്പെടുന്ന അദ്ദേഹം അപകടത്തിൽ സ്വന്തം ജീവൻ തന്നെ നൽകിയാണ് ദുരന്തത്തിന്റെ ആഴം കുറച്ചത്.
Story highlights- Prithviraj sukumaran about captain D V Sathe